5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala School Holiday: കാസർകോട്, കോട്ടയം ജില്ലകളിലും കണ്ണൂർ ജില്ലയിൽ പൂർണമായും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ചതിൽ നിന്ന് വ്യത്യസ്തമായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Rain Alert: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala School Holiday.
neethu-vijayan
Neethu Vijayan | Updated On: 30 Jul 2024 11:14 AM

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന (Kerala Rain Alert) സാഹചര്യത്തിൽ 10 ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (School Holiday) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കോട്ടയം ജില്ലകളിലും കണ്ണൂർ ജില്ലയിൽ പൂർണമായും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ചതിൽ നിന്ന് വ്യത്യസ്തമായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

അതേസമയം തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വൻനാശനഷ്ടം. താമരശ്ശേരി ചുരം എട്ടാം വളവിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായി. മരങ്ങൾ റോഡിലേക്ക് വീണു. വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിൽ കടത്തി വിടുന്നുണ്ട്. ചുരത്തിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ALSO READ: സുലൂരിൽ നിന്ന് 2 ഹെലികോപ്റ്ററുകളെത്തും; വെള്ളാർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്.

അതിനിടെ വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഇതിൽ ഒരാൾ വിദേശിയെന്നാണ് റിപ്പോർട്ട്. അഞ്ച് മന്ത്രിമാർ വയനാട്ടിലേക്കെത്തും. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും വയനാട്ടിലേക്ക് ഉടൻ എത്തുമെന്നാണ് വിവരം. വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. റോഡിൽ മരവും മണ്ണും വന്നടിഞ്ഞതിനാൽ സംഭവസ്ഥലത്തേക്ക് എത്തിച്ചേരൽ ദുഷ്കരമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.