Rain Holiday Kerala: കനത്ത മഴ; വിവിധ ജില്ലകളില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Holiday Declared For Educational Institutions Kerala: തിങ്കളാഴ്ച നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ കേരളത്തിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ തിങ്കളാഴ്ച (ഡിസംബര്‍ 2) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇതുവരെ അവധി പ്രഖ്യാപിച്ചത്.
വയനാട്
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
പത്തനംതിട്ട
കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലും തിങ്കളാഴ്ച അംഗനവാടി, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
കോട്ടയം
അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി നല്‍കുന്നുവെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഇടുക്കി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
ഇന്ന് (ഡിസംബര്‍ 1) പത്തനംതിട്ട, കോട്ടയം ജില്ലകളിലും, തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററില്‍ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.
ഇന്ന് ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും, നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും, ചൊവ്വാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും, ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
കേരള തീരത്ത് ഇന്ന് മുതല്‍ ബുധനാഴ്ച വരെയും, ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതല്‍ വ്യാഴാഴ്ച വരെയും, കർണാടക തീരത്ത് ചൊവ്വ, ബുധന്‍ ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ ബുധനാഴ്ച വരെ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.