5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: ശബരിമലയിൽ മഴ ശക്തം; കാനനപാതയിലൂടെ കാല്‍നട തീര്‍ത്ഥാടനം വിലക്കി

Sabarimala Rain Update: വനമേഖലയിൽ മഴപെയ്യുന്നത് ജലനിരപ്പ് ഉയരാൻ ഇടയാക്കിയേക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് നടപടി. ജില്ലയിലെ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയാണ് നിരോധനം.

Sabarimala: ശബരിമലയിൽ മഴ ശക്തം; കാനനപാതയിലൂടെ കാല്‍നട തീര്‍ത്ഥാടനം വിലക്കി
Sabarimala Temple( Image Credits: Social Media)
athira-ajithkumar
Athira CA | Updated On: 02 Dec 2024 07:23 AM

പത്തനംതിട്ട: ശബരിമലയിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച വെെകിട്ട് ആരംഭിച്ച മഴയ്ക്ക് ഇതുവരെയും ശമനമില്ല. കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഴുതക്കടവ് മുതൽ പമ്പ വരെ പരമ്പരാഗത കാനനപാതയിലൂടെയുള്ള കാല്‍നട തീര്‍ത്ഥാടനം വിലക്കി. കാനനപാതയിലൂടെ അയ്യപ്പ ദർശനത്തിനെത്തിയ തീർത്ഥാടകരെ മടക്കി അയച്ചു. പമ്പയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മണ്ഡലകാല തീർത്ഥാടനത്തിന് എത്തുന്നവർ പമ്പയില്‍ ഉള്‍പ്പെടെയുള്ള നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് പത്തനംതിട്ട ജില്ലാ കലക്ട‌ർ എസ്.പ്രേം കൃഷ്ണൻ ഉത്തരവിട്ടു. വനമേഖലയിൽ മഴപെയ്യുന്നത് ജലനിരപ്പ് ഉയരാൻ ഇടയാക്കിയേക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് നടപടി. ജില്ലയിലെ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയാണ് നിരോധനം.

കനത്തമഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അം​ഗനവാടി, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ജില്ലയുടെ ചില ഭാ​ഗങ്ങളിൽ വെള്ളക്കെട്ട് രൂപകെട്ടു. അണക്കെട്ടുകളിലും നദികളിലും മുന്നറിയിപ്പുകൾ ഇല്ല.

ALSO READ: അതിശക്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, സംസ്ഥാനത്ത് അതീവജാ​ഗ്രത

അതേസമയം, ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്തിന്റെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാൻ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ തയ്യാറാവണം. ജലാശങ്ങളില്‍ ഇറങ്ങുന്നതും ബീച്ചുകളിലെ വിനോദ സഞ്ചാരവും വിലക്കി. നാലാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരും. അന്നു വരെ കേരള തീരത്തും അഞ്ചാം തീയതി വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ മുൻകൂട്ടി സജ്ജീകരിക്കാനും നിർദ്ദേശമുണ്ട്.

ALSO READ: മഴ അതിശക്തം… 4 ജില്ലകളിൽ റെഡ് അലർട്ട്: ജാ​ഗ്രതാ നിർദേശങ്ങളുമായി മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പത്തനംതിട്ടയ്ക്ക് പുറമെ കോട്ടയം, വയനാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

Latest News