Rain Alert in Kerala: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിശക്തമായ മഴ
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 31ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണ് ഉള്ളത്. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കാരണം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വെള്ളം കയറുന്ന ആരോഗ്യസ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 31ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ മഴയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ഛത്തീസ്ഗഢില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. മറാത്തുവാഡയില്‍ നിന്ന് തെക്കന്‍ തമിഴ്നാട് വഴി ചക്രവാതച്ചുഴിയിലേക്കും ന്യൂനമര്‍ദ്ദ പാത്തി നീണ്ടിട്ടുണ്ട്.
ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 6-7 ദിവസം ഇടിമിന്നലോടെയും കാറ്റോടും കൂടിയ മിതമായ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ് 21 വരെ അതിതീവ്രമായ മഴയ്ക്കും 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ, അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രത കൈവിടരുത്
കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വലിയതോതില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മലവെള്ളപ്പാച്ചിലിനും മിന്നല്‍പ്രളയത്തിനും വെള്ളക്കെട്ട് രൂപപ്പെടുന്നതിനും സാധ്യതയുണ്ട്. മിന്നലും കാറ്റും ഉണ്ടായേക്കാം. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖല എന്നിവിടങ്ങളില്‍ വിനോദയാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
കേരളതീരത്തിന് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലില്‍ പോകരുത്. എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ 1077, 1070 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുളള സ്ഥലങ്ങള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയിലെ ആളുകളെ സാഹചര്യം ഉണ്ടായാല്‍ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളും അധികൃതര്‍ കൈക്കൊള്ളുന്നുണ്ട്. 44 ഇടങ്ങളില്‍ പ്രകൃതി ദുരന്തസാധ്യത ഉണ്ടെന്നാണ് അധികതരുടെ അറിയിപ്പ്. ഇതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും നടക്കുകയാണ്.
രാത്രിയാത്രയ്ക്ക് വിലക്ക്
ഇടുക്കി ജില്ലയിലെ മലയോരമേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു. ഇന്നലെ മുതല്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാലാണ് നടപടി. അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെയാണ് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരത്ത് മഴ ശക്തമായ സാഹചര്യമാണ്. അതിനാല്‍ ഇന്നലെ മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.