5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rain alert in Kerala: ചൂടിന് പിന്നാലെ മഴുയും​! സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.

Rain alert in Kerala: ചൂടിന് പിന്നാലെ മഴുയും​! സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത
neethu-vijayan
Neethu Vijayan | Published: 04 May 2024 08:03 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി മഴ വരുന്നു. ഈ ആഴ്ച 4 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

അതേസമയം ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് യെല്ലോ അലർട്ടടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഴാം തീയതി വയനാട് ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കെഎസ്ഇബി. സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഉത്തരവ് ഇന്നിറങ്ങും. ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. അതാത് സ്ഥലങ്ങളിലെ ചീഫ് എഞ്ചിനീയർമാരാണ് ചാർട്ട് തയ്യാറാക്കുന്നത്.‌‌

ഇന്നലെ പാലക്കാട് ട്രാൻസ്മിഷൻ സ‍ർക്കിളിന് കീഴിലെ സബ് സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയിരുന്നു. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ ഒരു മണി വരെയുള്ള സമയത്താണ് വൈദ്യുതി ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. വൈദ്യുതിക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമേർപ്പെടുത്തുക. നിലവിൽ മലബാറിലാണ് വൈദ്യുതി ഉപയോഗം കൂടുതലായി ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണമേ‍ർപ്പെടുത്താനുള്ള മാർഗനി‍ർദ്ദേശങ്ങളും കെഎസ്ഇബി പുറത്തിറക്കിയിട്ടുണ്ട്. വീടുകളിലെ എ സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് താഴെ പോകാതെ നോക്കണമെന്നാണ് ഇതിലെ പ്രധാന നിർദ്ദേശം. രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് വരെ വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർ‌ത്തനം പുനഃക്രമീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൻ്റെ ഭാഗമായി ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത് പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലായിരുന്നു. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ, ഒലവക്കോട്, പൊന്നാനി, പെരിന്തൽമണ്ണ സബ്സ്റ്റേഷനുകളിലാണ് ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.

സംസ്ഥാനത്ത് രാത്രി ഒമ്പതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോർഡുകളും പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം, ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗ് രാത്രി ഒഴിവാക്കണമെന്നതടക്കമുള്ള മാർഗനിർദ്ദേശങ്ങളാണ് കെഎസ്ഇബി മുന്നോട്ടുവച്ചിരിക്കുന്നത്.