5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Heat alert in Kerala: സംസ്ഥാനത്ത് ചൂടിന് ശമനമില്ല; കായിക മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും നിയന്ത്രണം

പാലക്കാടിനും തൃശ്ശൂരിനും പുറമേ, ആലപ്പുഴയിലും കോഴിക്കോടും ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.

Heat alert in Kerala: സംസ്ഥാനത്ത് ചൂടിന് ശമനമില്ല; കായിക മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും നിയന്ത്രണം
Heat wave alert in Kerala continous
neethu-vijayan
Neethu Vijayan | Published: 02 May 2024 07:23 AM

 

 

 

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ശമനമില്ലാത്ത സാ​ഹചര്യത്തിൽ ഔട്ട്ഡോർ കായിക മത്സരങ്ങൾക്ക് നിയന്ത്രണം. രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ കായി മത്സരങ്ങൾ ഒന്നും തന്നെ നടത്താൻ പാടില്ലെന്നാണ് മുന്നറിയിപ്പ്. കായിക മന്ത്രി വി അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ചൂട് കുറയാത്ത സാഹചര്യത്തിലാണ് നടപടി. ചൂടു കുറയുന്നത് വരെ നിയന്ത്രണം നിലനിൽക്കും. കൂടാതെ ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് കായിക വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

എന്നാൽ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. കൂടുതൽ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാ​ഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാടിനും തൃശ്ശൂരിനും പുറമേ, ആലപ്പുഴയിലും കോഴിക്കോടും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നത്.

അതേസമയം സംസ്ഥാനത്തെ ചൂടിന് ആശ്വാസമായി ഇന്ന് വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനുമുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. അഞ്ചാം തീയ്യതി വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുക:

1. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

2. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.

3. വെള്ളം ധാരാളമായി കുടിക്കുക.

4. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

5. കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.

6. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.

7. വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

8. കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം.

9. എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.