Heat alert in Kerala: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി
സാധാരണയുള്ളതിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു. ഇടുക്കി വയനാട് ജില്ലകളൊഴികെ താപനില മുന്നറിയിപ്പുണ്ട്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. നാല് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
സാധാരണയുള്ളതിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉഷ്ണതരംഗ മുന്നറിയിപ്പുള്ളതുകൊണ്ട് പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും അടിച്ചിടാനാണ് നിര്‍ദേശം.
മെയ് 6 വരെ സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകല്‍ 11 മുതല്‍ 3 വരെ സമ്മര്‍ ക്ലാസുകള്‍, പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.
പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങിയവര്‍ ജോലി സമയം ക്രമീകരിക്കണം. അതേസമയം, നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത മുന്നില്‍ കണ്ട് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. ആ യോഗത്തിലാണ് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഉള്‍പ്പെടെ സമയക്രമീകരണം വന്നത്. പൊലീസ്, അഗ്‌നിരക്ഷാ സേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന സമയം ക്രമീകരിക്കാനും നിര്‍ദേശം നല്‍കും.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ- നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ ഫയര്‍ ഫോഴ്സ് ഓഡിറ്റിങ് നടത്തണം. വേണ്ട സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം. മാത്രമല്ല ആശുപത്രികളിലും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഫയര്‍ ഓഡിറ്റ് നടത്തണം.
കാട്ടുതീ ഉണ്ടാകുന്നത് തടയാന്‍ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാല്‍ വിടരുത്. ലയങ്ങള്‍, ആദിവാസി മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനത്തില്‍ പൊതു സ്ഥലങ്ങളില്‍ തണല്‍ മരം വെച്ചുപിടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങിയവര്‍ ജോലി സമയം ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.