Nipah virus: നിപയില്‍ ആശ്വാസം: മലപ്പുറത്ത് മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 255 പേർ
Nipah Virus: ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിയിലുള്ളത്. അതില്‍ 50 പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മലപ്പുറം: മലപ്പുറം വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയുടെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കൂടുതൽ പേർ നിരീക്ഷണത്തിലായിരുന്നു. ഇതിൽ മൂന്ന് പേരുടെ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.
അതേസമയം ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിയിലുള്ളത്. അതില്‍ 50 പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരനാണ് നിപ സ്ഥിരീകരിച്ചത്. വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയായ ഈ യുവാവ് ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്. ഇതിനെ തുടർന്ന് ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ നിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഇതിനു പിന്നാലെ നടത്തിയ സ്രവപരിശോധനയിലായിരുന്നു യുവാവിനു നിപ സ്ഥിരീകരിച്ചത്.
Also read-Mpox Case: സംസ്ഥാനത്ത് എം പോക്സ് രോഗ ലക്ഷണം; യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ
അതേസമയം മലപ്പുറത്ത് എം പോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണത്തോടെ യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തിൽ തുടരുകയാണ്. വിദേശത്തു നിന്നും എത്തിയ യുവാവിനെ ഇന്നലെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിൽ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നത്. എം പോക്സ് ലക്ഷണം കാണിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങൾ എടുത്തിട്ടുണ്ടെന്നും രോഗം സ്ഥിരീകരിച്ചാൽ ഇവർക്കും ജാഗ്രത നിർദ്ദേശം നൽകുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38 കാരനാണ് എം പോക്സ് ലക്ഷണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിൽ യുവാവ് ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് നിരീക്ഷണത്തിലേക്ക് പ്രവേശിപ്പിച്ചത്. എംപോക്സാണെന്ന സംശയത്തിൻറെ അടിസ്ഥാനത്തിലാണ് മുൻകരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവിൽ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.