Veena George : ഔദ്യോഗിക വസതിയിലെത്തിയ ആശാ വര്‍ക്കര്‍മാരെ തടഞ്ഞെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി; സംശയമുണ്ടെങ്കില്‍ സിസിടിവി പരിശോധിക്കാം
Veena George on the ASHA worker strike: ഓണറേറിയം വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്. ആശാ വര്‍ക്കര്‍മാര്‍ക്ക് മുഴുവന്‍ ഓണറേറിയം ലഭിക്കുന്നതിന് തടസം സൃഷ്ടിച്ച ഉപാധികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ശൈലി ആപ്ലിക്കേഷനിലെ ഒടിപി സംവിധാനം നിര്‍ത്തലാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: തന്നെ കാണാന്‍ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ ഭര്‍ത്താവ് തടഞ്ഞെന്ന ആശവര്‍ക്കര്‍ സമരസമിതി കോഡിനേറ്ററുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണത്തിന് പിന്നിലെ ദുരുദ്ദേശം അറിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ ഭര്‍ത്താവ് താമസിക്കുന്നത് ഔദ്യോഗിക വസതിയിലല്ലെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലെ വീട്ടിലേക്കും സമരം നടത്തുന്നവര്‍ വന്നതായി അറിയില്ല. സംശയമുണ്ടെങ്കില്‍ സിസിടിവി പരിശോധിക്കാവുന്നതാണ്. നിയമസഭയ്ക്ക് പുറത്തുവച്ച് ആശാവര്‍ക്കര്‍മാരെ കണ്ടിരുന്നു. അന്ന് അവര്‍ നിവേദനം നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്. നേരത്തെ ആശാ വര്‍ക്കര്‍മാര്‍ക്ക് മുഴുവന്‍ ഓണറേറിയം ലഭിക്കുന്നതിന് തടസം സൃഷ്ടിച്ച ഉപാധികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ശൈലി ആപ്ലിക്കേഷനിലെ ഒടിപി സംവിധാനം നിര്‍ത്തലാക്കാന്‍ ആരോഗ്യമന്ത്രി ഇ ഹെല്‍ത്തിന് നിര്‍ദ്ദേശം നല്‍കി. ഈ മാസത്തെ ശമ്പളവും രണ്ട് മാസത്തെ കുടിശികയും ഉള്‍പ്പെടെ മൂന്ന് മാസത്തെ ഓണറേറിയം ആശാവര്‍ക്കര്‍മാര്‍ക്ക് അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായും വീണാ ജോര്‍ജ് പറഞ്ഞു. എന്നാല്‍ സമരം തുടരുമെന്ന നിലപാടിലാണ് ആശാ വര്‍ക്കര്‍മാര്‍. വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും, പ്രതിമാസ ഓണറേറിയം 21000 രൂപയാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.




Read Also : കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട; വലിയ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍
കേരളത്തിലാണ് ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ആശാ വര്‍ക്കര്‍മാരുടെ വേതനത്തിന് 100 കോടി വേണ്ടിയിരുന്നുവെന്നും, എന്നാല്‍ കേന്ദ്രം നല്‍കിയില്ലെന്നും മന്ത്രി വിമര്‍ശിച്ചു. കേന്ദ്രം നല്‍കാനുള്ള തുക ആവശ്യപ്പെട്ടതിന്റെ രേഖയുണ്ട്. ആശാ വര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. തുക വര്‍ധിപ്പിക്കണമെന്ന് തന്നെയാണ് നിലപാട്. ആശാ വര്‍ക്കര്‍മാര്‍ക്കൊപ്പം ഡല്‍ഹിയില്‍ പോയി സമരം നടത്താന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തങ്ങളെ പരിഹസിക്കുന്നുവെന്നാണ് ആശാ വര്‍ക്കര്‍മാരുടെ വിമര്‍ശനം. ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.