മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവ്; മന്ത്രിയുടെ അടിയന്തിര യോഗം
നിരവധി പരാതികളാണ് സമീപ ദിവസങ്ങളിലായി വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും വരുന്നത്
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവ് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ഉന്നത തല യോഗം. തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
നിരവധി പരാതികളാണ് സമീപ ദിവസങ്ങളിലായി വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും വരുന്നത്. ആറാം വിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കെത്തിയ കുട്ടിയുടെ നാക്കിൽ ശസ്ത്രക്രിയ നടത്തിയതായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പരാതി.
ഏപ്രിൽ 27-ന് പ്രസവ ശേഷം ചികിത്സയിലായിരുന്ന അമ്പലപ്പുഴ സ്വദേശി അൻസാറിൻറെ ഭാര്യ ഷിബിന മരിച്ചതാണ് ആലപ്പുഴ മെഡിക്കൽ കോളേജിനെ പ്രതിക്കൂട്ടിലാക്കിയത്. കൊല്ലത്ത് പനിയെ തുടർന്ന് വയോധിക മരിച്ചതും വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.