Raid In GYM: പിടിച്ചെടുത്തത് 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ; സംസ്ഥാനത്തെ ജിമ്മുകളിൽ വ്യാപക പരിശോധന

Health Department Raid In GYM: സംസ്ഥാനത്തെ 50 ജിമ്മുകളിലാണ് കഴിഞ്ഞ ദിവസം ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ പരിശോധന നടത്തിയത്. അവിടെ നിന്നും ഏകദേശം ഒന്നര ലക്ഷത്തോളം രൂപ വരുന്ന ഉത്തേജക മരുന്നുകളാണ് സംഘം പിടിച്ചെടുത്തത്. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായാണ് ജിമ്മുകളിൽ ഇവ നൽകിവരുന്നത്.

Raid In GYM: പിടിച്ചെടുത്തത് 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ; സംസ്ഥാനത്തെ ജിമ്മുകളിൽ വ്യാപക പരിശോധന

Represental Image

neethu-vijayan
Published: 

29 Jan 2025 07:18 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ജിമ്മുകളിൽ ആരോ​ഗ്യ വകുപ്പിൻ്റെ വ്യാപക പരിശോധന. ‍ജിമ്മുകളിൽ അനധികൃതമായി ഉപയോ​ഗിക്കുന്ന മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോ​ഗം നടയുന്നതിനുമാണ് നിലവിലെ പരിശോധന. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പാണ് കേരളത്തിലെ ജിമ്മുകളിൽ വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്തെ 50 ജിമ്മുകളിലാണ് കഴിഞ്ഞ ദിവസം ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ പരിശോധന നടത്തിയത്. അവിടെ നിന്നും ഏകദേശം ഒന്നര ലക്ഷത്തോളം രൂപ വരുന്ന ഉത്തേജക മരുന്നുകളാണ് സംഘം പിടിച്ചെടുത്തത്. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായാണ് ജിമ്മുകളിൽ ഇവ നൽകിവരുന്നത്. കേരളത്തിലെ പല ജിമ്മുകളിലും ഇതിൻ്റെ ഭാ​ഗമായി ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി ര​ഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പരിശോധന ആരംഭിച്ചത്.

ഇത്തരത്തിൽ മരുന്നുകൾ കണ്ടെത്തിയ ജിമ്മുകൾക്കെതിരെ കേസെടുത്തതായും വരും ദിവസങ്ങളിൽ കർശന നിയമ നടപടികൾ സ്വീകരിച്ച് വേണ്ട കാര്യങ്ങൾ പൂർത്തീകരിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. പല രോഗങ്ങൾക്ക് ഉൾപ്പെടെ ഉപയോ​ഗിക്കുന്ന മരുന്നുകളടക്കമാണ് ജിമ്മുകളിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. കൂടാതെ തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടിൽ നിന്നും മരുന്നിൻ്റെ വൻ ശേഖരമാണ് കണ്ടെടുത്തത്. സ്റ്റിറോയ്ഡുകൾ അടങ്ങിയവയാണ് പിടിച്ചെടുത്ത മരുന്നുകളിൽ പലതും. ആരോ​ഗ്യ വിദ​ഗ്ധൻ്റെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു.

നിലവിൽ സംസ്ഥാനത്തെ അംഗീകൃത ഫാർമസികൾക്ക് മാത്രമേ ഇത്തരം മരുന്നുകൾ വിൽക്കാൻ അനുവാദമുള്ളൂ. നിത്യേന ഇത്തരം മരുന്നുകൾ ഉപയോ​ഗിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരിക. സംസ്ഥാനത്തെ എല്ലാം ജിമ്മുകളും കേന്ദ്രീകരിച്ച് കർശനമായ പരിശോധനകൾ നടത്താനാണ് മന്ത്രി വീണാ ജോർജ് അധികൃതർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരം മരുന്നുകളുടെ ഉപയോ​ഗം മൂലമുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെപ്പറ്റി യുവജനങ്ങൾക്ക് ബോധവത്ക്കരണം നൽകുന്നതിന് അവബോധ ക്ലാസുകൾ നടത്താനും ആരോ​ഗ്യ വകുപ്പ് പദ്ധതിയിടുന്നുണ്ട്.

Related Stories
ഇവരാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ നായകന്മാര്‍
ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?