Thirumoozhikkulam Temple Issue: പൂജക്ക് കൊടുത്ത മോതിരം പണയം വെച്ചു; മേൽശാന്തിയെ സസ്പെൻഡ് ചെയ്തു
പ്രവാസി മലയാളി കുടുംബത്തിൻറെയായിരുന്നു മോതിരം. പരാതിയെത്തുടര്‍ന്നു മേല്‍ശാന്തിയെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു
കോട്ടയം: 21 ദിവസം ക്ഷേത്രത്തില്‍ പൂജിക്കാന്‍ നല്‍കിയ നവരത്‌ന മോതിരം മേൽശാന്തി തന്നെ പണം വെച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിൽ ആലുവയ്തക്ക് അടുത്തുള്ള തിരുമൂഴിക്കുളം ക്ഷേത്രത്തിലാണ് സംഭവം. ഏകദേശം ഒന്നര ലക്ഷം രൂപ വിലയുള്ള നവരത്ന മോതിരമാണ് ക്ഷേത്ര മേല്‍ശാന്തി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചത്.
പ്രവാസി മലയാളി കുടുംബത്തിൻറെയായിരുന്നു മോതിരം. പരാതിയെത്തുടര്‍ന്നു മേല്‍ശാന്തി കെ പി വിനീഷിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ വൈക്കം ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസിന്റെ പരിധിയിലുള്ള ക്ഷേത്രമാണിത്.
പ്രവാസി കുടുംബത്തോട് 21 ദിവസ പൂജ ചെയ്യുന്നതാണ് കൂടുതല്‍ ഉത്തമം എന്ന് മേല്‍ശാന്തി കുടുംബത്തെ വിശ്വസിപ്പിച്ചിരുന്നു. പൂജ കഴിഞ്ഞ് പൂവും ചന്ദനവും മാത്രമാണ് പ്രസാദമായി കിട്ടിയത്.
മോതിരം അന്വേഷിച്ചപ്പോൾ അത് നഷ്ടമായി എന്ന് മേല്‍ശാന്തി കുടുംബത്തോട് പറഞ്ഞു. ഉടൻ കുടുംബം ദേവസ്വം കമ്മിഷണര്‍ക്കു പരാതി നല്‍കി. പിന്നീട് ധനകാര്യ സ്ഥാപനത്തില്‍ മോതിരം പണയം വച്ചതായി മേല്‍ശാന്തി സമ്മതിച്ചിരുന്നു. ഇതിനടയിൽ മേല്‍ശാന്തി മോതിരം തിരികെ നല്‍കി.
വിജിലൻസ് അന്വേഷണത്തിൻറെ അടിസ്ഥാനത്തിൽ മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു. എന്നാൽ രസീത് വഴിയല്ല മോതിരം കൊടുത്തതെന്നും കുടുംബം നേരിട്ടാണ് മോതിരം കൊടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി. ക്ഷേത്രത്തിലെ കീഴ്ശാന്തിയെയും നേരത്തെ ക്രമക്കേടിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.