Kothamangalam Elephant Attack: എല്‍ദോസിനെ ആന കൊലപ്പെടുത്തിയത് മരത്തിലിടിച്ച്; കോതമംഗലത്ത് ഇന്ന് ഹര്‍ത്താല്‍
Hartal in Kothamangalam and Kuttampuzha: കുട്ടമ്പുഴ ക്ണാച്ചേരിയില്‍ വെച്ചാണ് എല്‍ദോസിനെ ആന ആക്രമിച്ചത്. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി 8.30 ഓടെ വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കെഎസ്ആര്‍ടിസി ബസില്‍ ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്‌റ്റേഷന് മുന്നിലിറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് സംഭവം
കോതമംഗലം: കുട്ടമ്പുഴയില്‍ ആനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് ഇന്ന് ഹര്‍ത്താല്‍. യുഡിഎഫാണ് കോതമംഗലത്തും കുട്ടമ്പുഴയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 10 മണിക്ക് ഡിഎഫ്ഒയുടെ ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും യുഡിഎഫ് അറിയിച്ചിട്ടുണ്ട്. കോടിയാട്ട് വര്‍ഗീസിന്റെ മകന്‍ എല്‍ദോസിനാണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നത്.
ഇതേതുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്ന പ്രതിഷേധം ഏഴ് മണിക്കൂര്‍ പിന്നിട്ടതിന് ശേഷമാണ് അവസാനിച്ചത്. എല്‍ദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യത്തിലടക്കം ജില്ലാ കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയച്ചത്. ഇതില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പ്രതിഷേധ സ്ഥലത്ത് വെച്ച് തന്നെ കുടുംബത്തിന് കൈമാറി. ഇതോടെയാണ് നാട്ടുകാര്‍ താത്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രതിഷേധം അവസാനിച്ചതോടെ എല്‍ദോസിന്റെ മൃതദേഹം അപകട സ്ഥലത്ത് നിന്നും കോതമംഗലം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.
കുട്ടമ്പുഴ ക്ണാച്ചേരിയില്‍ വെച്ചാണ് എല്‍ദോസിനെ ആന ആക്രമിച്ചത്. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി 8.30 ഓടെ വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കെഎസ്ആര്‍ടിസി ബസില്‍ ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്‌റ്റേഷന് മുന്നിലിറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് സംഭവം.
ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്ന് ഏകദേശം 250 മീറ്റര്‍ മാറി ക്ണാച്ചേരി അമ്പലത്തിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഈ മേഖലയില്‍ കാടാണ്. പിന്നീട് അതുവഴി കടന്നുപോയ ഓട്ടോ ഡ്രൈവറാണ് എല്‍ദോസിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
എല്‍ദോസിന്റെ ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു ഉണ്ടായിരുന്നത്. അടുത്തുള്ള മരത്തില്‍ അടിച്ചാകാം എല്‍ദോസിനെ ആന കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഈ പ്രദേശത്ത് വഴി വിളക്കുകള്‍ ഇല്ല. അതിനാല്‍ തന്നെ സന്ധ്യ കഴിഞ്ഞാല്‍ ചുറ്റുമുള്ളതൊന്നും കാണാന്‍ സാധിക്കാത്ത സ്ഥി വരും. ആനയുടെ സാമീപ്യം അറിയാതെയാണ് എല്‍ദോസ് മുന്നോട്ട് നടന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Also Read: Elephant Attack Death: ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്തെ ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികളും ഇന്ന് ആരംഭിക്കുന്നതാണ്. കൂടാതെ സോളാര്‍ ഫെന്‍സിങ് ജോലികള്‍ ഈ മാസം 21ന് ആരംഭിക്കുമെന്നും തൂക്ക് സോളാര്‍ വേലി സ്ഥാപിക്കുമെന്നും അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.
അതേസമയം, സംഭവത്തില്‍ സര്‍ക്കാരിനെതിരെ കോതമംഗലം എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. സര്‍ക്കാരിന് മുന്നില്‍ ഈ വിഷയങ്ങള്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഫെന്‍സിങ് പൂര്‍ത്തിയാക്കുകയോ ആര്‍ആര്‍ടിയെ അയക്കുകയോ ചെയ്തില്ലെന്നും എംഎല്‍എ ആരോപിച്ചു.
കാട്ടാനയാക്രമണം വനം വകുപ്പിന്റെയും സര്‍ക്കാരിന്റയും പരാജയമാണ്. അവര്‍ കാണിക്കുന്ന അലംഭാവവും അലസതയും കാരണമാണ് വീണ്ടും മരണമുണ്ടാകുന്നതെന്നും എംഎല്‍എ ആരോപിച്ചിരുന്നു.