Scooter Scam Case: പാതിവില തട്ടിപ്പ്; റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ പ്രതിചേർത്ത് പോലീസ്
Half Price Scooter Scam Case 2014 Justice CN Ramachandran Nair FIR: ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ കെഎസ്എസ് വഴി എൻജിഒ കോൺഫെഡറേഷൻ 34 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കെഎസ്എസ് പ്രസിഡന്റ് ഡാനിമോൻ നൽകിയ പരാതി.

കൊച്ചി: പാതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി പെരിന്തൽമണ്ണ പോലീസ് ആണ് കേസെടുത്തത്. എൻജിഒ കോൺഫെഡറേഷന്റെ ഇമ്പ്ലിമെന്റിങ് ഏജൻസി ആയ മലപ്പുറം അങ്ങാടിപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെഎഎസ് എന്ന സംഘടന നൽകിയ പരാതിയിലാണ് പോലീസ് ജസ്റ്റിസിനെതിരെ കേസെടുത്തത്.
2014 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ കെഎസ്എസ് വഴി എൻജിഒ കോൺഫെഡറേഷൻ 34 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കെഎസ്എസ് പ്രസിഡന്റ് ഡാനിമോൻ നൽകിയ പരാതി. ആനന്ദകുമാർ, അനന്തുകൃഷ്ണൻ എന്നിവരുടെ കൂടെ മൂന്നാം പ്രതി ആയാണ് റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയും പോലീസ് പ്രതിചേർത്തത്.
അതേസമയം, കേസെടുത്തതിൽ പ്രതികരിച്ച് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ രംഗത്തെത്തി. നിരുത്തരവാദപരമായാണ് തന്നെ പോലീസ് കേസിൽ പ്രതിചേർത്തത് എന്നാണ് അദ്ദേഹം ആരോപിച്ചത്. കോൺഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയ്ക്കാണ് തന്റെ പേര് എഫ്ഐആറിൽ പ്രതിചേർത്തതെന്നും, താൻ കോൺഫെഡറേഷന്റെ ഉപദേശകൻ മാത്രമായിരുന്നു, രക്ഷാധികാരി ആയിരുന്നില്ലെന്നും ജസ്റ്റിസ് പറഞ്ഞു. എൻജിഒ കോൺഫെഡറേഷന്റെ പ്രവർത്തനവുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. തന്നെ ഒന്ന് വിളിച്ച് അന്വേഷിക്കുക പോലും ചെയ്യാതെ ആണ് പോലീസ് കേസെടുത്തതെന്നും മലപ്പുറം എസ്പിയെ വിളിച്ച് പരാതി അറിയിച്ചതായും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
പാതിവില സ്കൂട്ടർ തട്ടിപ്പ് കേസ് പുറത്തുവന്നതോടെ സംഘടനയുമായുള്ള ബന്ധം വെളിപ്പെടുത്തി കൊണ്ട് ജസ്റ്റിസ് നേരത്തെ രംഗത്ത് വന്നിരുന്നു. പാതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ പ്രതിയും സായ് ട്രസ്റ്റ് മേധാവിയുമായ ആനന്ദകുമാർ ക്ഷണിച്ചത് പ്രകാരമാണ് എൻജിഒ കോൺഫെഡറേഷന്റെ ഉപദേശകനായത്. അനധികൃതമായി സംഘടന പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജൂണിൽ തന്നെ സംഘടനയുടെ ഉപദേശക സ്ഥാനം ഒഴിഞ്ഞെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ നേരത്തെ വ്യക്തമാക്കിയിരുന്നു.