Half Price Scam : പാതിവില തട്ടിപ്പുകേസ്; പ്രതികള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് കോടതി; ലാലി വിന്‍സന്റിന് ജാമ്യം
Half Price Scam case Latest : കേസിലെ മറ്റ് പ്രതികളായ ഡോ. എൻ. മധു, സി.ജി. മേരി, പി. രാജാമണി, കെ.കെ.സരോജിനി എന്നിവരോട് മൂന്നാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അറസ്റ്റ് രേഖപ്പെടുത്തി അന്ന് തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് മുൻകൂർ ജാമ്യം. അഭിഭാഷക കൂടിയായ ലാലി വിന്‍സന്റ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ജാമ്യം അനുവദിച്ചത്. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നാണ് ലാലിയുടെ വാദം. അഭിഭാഷകയെന്ന നിലയിൽ നിയമോപദേശം നൽകുക മാത്രമാണ് ചെയ്തത്. അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയത്. തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായാണെന്നും ലാലി ആരോപിച്ചു.
കണ്ണൂര്‍ പൊലീസെടുത്ത കേസില്‍ ലാലി ഏഴാം പ്രതിയാണ്. കണ്ണൂര്‍ ടൗണില്‍ മാത്രം പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ഞൂറോളം പരാതികളാണ് ലഭിച്ചത്. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ കമ്മീഷണ് മുമ്പാകെ ഹാജരാകണമെന്ന് ലാലിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
Read Also : ഇനി ജയിലിലേക്ക്; പിസി ജോർജ് മാർച്ച് 10 വരെ റിമാൻഡിൽ, ജ്യാമാപേക്ഷ തള്ളി കോടതി




അതേസമയം, കേസിലെ മറ്റ് പ്രതികളായ ഡോ. എൻ. മധു, സി.ജി. മേരി, പി. രാജാമണി, കെ.കെ.സരോജിനി എന്നിവരോട് മൂന്നാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അറസ്റ്റ് രേഖപ്പെടുത്തി അന്ന് തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പാതിവില തട്ടിപ്പുകേസില്‍ ഒരാളെ കൂടി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പാവറട്ടി തിരുനെല്ലൂർ പനക്കൽ വീട്ടിൽ രവി പനയ്ക്കല്‍ (59) ആണ് അറസ്റ്റിലായത്. 29 പേരിൽ നിന്ന് 24 ലക്ഷം രൂപയാണ് ഇയാള്‍ സംഭരിച്ചത്. സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് രവി പനയ്ക്കല്‍ അറിയപ്പെട്ടിരുന്നത്.