Ananthu Krishnan : പാതിവില തട്ടിപ്പിലൂടെ അനന്തുകൃഷ്ണന്‍ കൊണ്ടുപോയത് 800 കോടി; 21 അക്കൗണ്ടുകൾ മരവിപ്പിച്ചു; തെളിവെടുപ്പ് ഇന്നും തുടരും
Ananthu Krishnan Scooter Scam Case : രാഷ്ട്രീയക്കാര്‍ക്ക് പ്രതി ഫണ്ട് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതായി അനന്തു മൊഴി നല്‍കി. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തടക്കം സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും പണം നല്‍കി. എന്‍ജിഒ കോണ്‍ഫെഡറേഷനുമായി ബന്ധപ്പെട്ടും പണം നല്‍കി

പാതിവില തട്ടിപ്പുക്കേസിലെ പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് എറണാകുളത്ത് തെളിവെടുപ്പ് നടക്കും. ഹൈക്കോടതി ജംഗ്ഷനില്‍ ഇയാള്‍ താമസിച്ചിരുന്ന രണ്ട് ഫ്‌ളാറ്റുകള്‍, കടവന്ത്രയില്‍ അനന്തുവിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ് എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസവും തെളിവെടുപ്പ് നടന്നിരുന്നു. ഈരാറ്റുപേട്ട, കോളപ്ര, ശങ്കരപ്പിള്ളി, ഏഴുംമൈല്‍, പ്രതിയുടെ സ്വന്തം നാടായ കുടയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. ശങ്കരപ്പിള്ളിയില്‍ ഇയാള്‍ വാങ്ങിയതും, അഡ്വാന്‍സ് കൊടുത്തതുമായ സ്ഥലങ്ങള്‍ പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ചിടത്ത് ഭൂമി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സെന്റിന് 1.5 ലക്ഷം-4 ലക്ഷം വിലമതിക്കുന്ന സ്ഥലമാണ് പ്രതി സ്വന്തമാക്കിയത്. ബിനാമി പേരില്‍ ഭൂമി വാങ്ങിയോയെന്നും അന്വേഷിക്കുന്നുണ്ട്. മുട്ടത്ത് 50 ലക്ഷ രൂപയ്ക്ക് 50 സെന്റും, കുടയത്തൂരില്‍ 40 ലക്ഷത്തിന് രണ്ട് പ്ലോട്ടുകളും, ഈരാറ്റുപേട്ടയില്‍ 23 സെന്റും ഇയാള്‍ സ്വന്തമാക്കി. ചില സ്ഥലങ്ങളില്‍ സ്ഥലത്തിന് അഡ്വാന്‍സും കൊടുത്തു.
800 കോടി രൂപയെങ്കിലും പ്രതി തട്ടിയെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 21 അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലൂടെ മാത്രം 400 കോടിയോളം രൂപയുടെ ഇടപാട് നടന്നു. പാതിവില തട്ടിപ്പുകേസില്‍ കൂടുതല്‍ പരാതിയുമായി രംഗത്തെത്തുന്നുണ്ട്. സ്‌കൂട്ടറും, ഗൃഹോപകരണങ്ങളും പകുതി വിലയ്ക്ക് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മൂവാറ്റുപുഴ പൊലീസിന് ലഭിച്ച പരാതിയിലാണ് അനന്തു അറസ്റ്റിലായത്.




പൊളിറ്റിക്കല്‍ ഫണ്ടര്‍
അമ്പതോളം രാഷ്ട്രീയക്കാര്‍ക്ക് പ്രതി ഫണ്ട് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍ഷിപ്പ്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിങ്ങനെ പണം നല്‍കി. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതായി അനന്തു പൊലീസിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തടക്കം ഇയാള്‍ സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും പണം നല്‍കി. എന്‍ജിഒ കോണ്‍ഫെഡറേഷനുമായി ബന്ധപ്പെട്ടും പണം നല്‍കിയതായാണ് വിവരം.
പ്രതിയുടെ വാട്‌സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ, ആദായനികുതി വിഭാഗം എന്നിവ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും.