Hajur Kacheri: വെടിവെക്കുന്ന പോലീസുകാര്‍ക്ക് നേരെ പാഞ്ഞടുത്ത സമരക്കാര്‍; ബ്രിട്ടീഷുകാര്‍ തോക്ക് ഉപേക്ഷിച്ചോടിയ ഹജൂര്‍ കച്ചേരി
History of Tirurangadi Hajur Kacheri: 1921 ആഗസ്റ്റ് 20ന് മലപ്പുറം തിരൂരങ്ങാടിയിലാണ് സമര പോരാളികളെ കൊന്നൊടുക്കുന്ന സംഭവം നടന്നത്. സമരക്കാരെ അടിച്ചമര്‍ത്താന്‍ കളക്ടര്‍ ഇ എഫ് തോമസ്, ക്യാപ്റ്റന്‍ മെക്കിള്‍ റോയ്, പോലീസ് മേധാവി ഹിച്ച്കോക്ക്, സൂപ്രണ്ട് പി ആമു എന്നിവരുള്‍പ്പെടുന്ന പട്ടാള സംഘം കോഴിക്കോട് നിന്നും തിരൂരങ്ങാടിയിലെത്തിയിരുന്നു.
മലബാര്‍ കലാപം, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തന്നെ കാര്‍ഷിക കലാപമായും വര്‍ഗീയ കലാപമായുമെല്ലാം ചിത്രീകരിച്ച ഒന്നാണത്. മാപ്പിള കലാപം എന്നും മലബാര്‍ ലഹള എന്നും മാപ്പിള ലഹള എന്നുമെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. 1921 ആഗസ്റ്റ് മുതല്‍ 1922 ഫെബ്രുവരി വരെ മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകള്‍ കേന്ദ്രീകരിച്ച് ബ്രിട്ടീഷുക്കാര്‍ക്കെതിരായി മാപ്പിളമാര്‍ നടത്തിയ കലാപമാണ് മലബാര്‍ കലാപം.
സ്വാതന്ത്ര്യ സമരക്കാലത്ത് സമാനതകളില്ലാത്ത പോരാട്ടം തന്നെയായിരുന്നു മലബാറില്‍, പ്രത്യേകിച്ച് മലപ്പുറത്ത്. അന്ന് ബ്രിട്ടീഷ് പടയെ തുരത്തി മലയാള രാജ്യമുണ്ടാക്കിയവരാണ് ആലി മുസ്ല്യാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. ഇവര്‍ മാത്രമല്ല, സീതി ഹാജി, ചെമ്പ്രശേരി തങ്ങള്‍, എംപി നാരായണ മേനോന്‍, കാപ്പാട് കൃഷ്ണന്‍ നായര്‍, പാണ്ടിയാട്ട് നാരായണന്‍ നമ്പീശന്‍ എന്നിവരും സമരം നയിച്ചിരുന്നു.
1921 ആഗസ്റ്റ് 20ന് മലപ്പുറം തിരൂരങ്ങാടിയിലാണ് സമര പോരാളികളെ കൊന്നൊടുക്കുന്ന സംഭവം നടന്നത്. സമരക്കാരെ അടിച്ചമര്‍ത്താന്‍ കളക്ടര്‍ ഇ എഫ് തോമസ്, ക്യാപ്റ്റന്‍ മെക്കിള്‍ റോയ്, പോലീസ് മേധാവി ഹിച്ച്കോക്ക്, സൂപ്രണ്ട് പി ആമു എന്നിവരുള്‍പ്പെടുന്ന പട്ടാള സംഘം കോഴിക്കോട് നിന്നും തിരൂരങ്ങാടിയിലെത്തിയിരുന്നു.
തിരൂരങ്ങാടി, അവിടുത്തുക്കാര്‍ക്ക് മലബാര്‍ കലാപം വെറും ചരിത്രം മാത്രമല്ല ചിലരുടെയൊക്കെ ജീവിതം തന്നെ മാറ്റിമറിച്ച ഒന്നാണ്. ഒട്ടനവധി സംഭവവികാസങ്ങള്‍ അരങ്ങേറിയ ഹജൂര്‍ കച്ചേരി സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. 1972 ല്‍ ബ്രിട്ടീഷുകാര്‍ മലബാറില്‍ സാമ്രാജ്യം സ്ഥാപിച്ചപ്പോള്‍ ഭരണം നടത്തുന്നതിന് വേണ്ടി നിര്‍മിച്ചതാണ് ഹജൂര്‍ കച്ചേരി. എന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ കലാപത്തിന് തുടക്കമിട്ടത് ആ മണ്ണില്‍ നിന്നും. എന്താണ് ഹജൂര്‍ കച്ചേരി, മലബാര്‍ കലാപത്തില്‍ ഹജൂര്‍ കച്ചേരിയുടെ പങ്കെന്ത്?
സമരങ്ങള്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കക്കാലത്തും മലബാറിലെ മാപ്പിളമാര്‍ നിരവധി കലാപങ്ങള്‍ നടത്തിയിട്ടുണ്ട്. അന്ന് നടന്ന കര്‍ഷകകലാപങ്ങളില്‍ ഭുരിഭാഗവും മലബാറിലെ തെക്കന്‍ താലൂക്കുകളായ ഏറനാട്ടിലും വള്ളുവനാട്ടിലുമാണ് നടന്നിരുന്നത്. ഈ താലൂക്കുകളിലെ ജീവിതസാഹചര്യങ്ങളില്‍ ഒട്ടും മെച്ചമായിരുന്നില്ല എന്നതാണ് ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് സമരങ്ങള്‍ നടന്നതിന് പ്രധാന കാരണം. കുടിയൊഴിപ്പിക്കല്‍, അന്യായമായ നികുതി പിരിവ്, ഉയര്‍ന്ന പാട്ടം തുടങ്ങിയവയെല്ലാം കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. 1841ല്‍ വള്ളുവനാട്ടെ പള്ളിപ്പുറത്തും മണ്ണൂരിലുമുണ്ടായ കലാപങ്ങള്‍ക്ക് കാരണമായത് കര്‍ഷകരും ജന്മിമാരും തമ്മിലുള്ള തര്‍ക്കമായിരുന്നു. 1849ല്‍ മഞ്ചേരിയിലും 1851 ല്‍ കുളത്തൂരിലും 1852ല്‍ മട്ടന്നൂരിലും അസംതൃപ്തരായ മാപ്പിളമാര്‍ ഭൂഉടമകള്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ കലാപങ്ങള്‍ നടത്തി.
ഖിലാഫത്ത് പ്രസ്ഥാനം
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം തുര്‍ക്കിയിലെ ഭരണാധികാരിയും മുസ്ലീങ്ങളുടെ ലോക ആത്മീയ നേതാവുമായിരുന്ന ഖലീഫയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ബ്രിട്ടീഷുക്കാരുടെ ഈ നടപടിയെ പ്രതിരോധിക്കാന്‍ മുസ്ലിങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്ന പ്രസ്ഥാനമാണ് ഖിലാഫത്ത് പ്രസ്ഥാനം എന്നത്.
ഹജൂര്‍ കച്ചേരി
മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായിരുന്നു അന്നത്തെ മലബാര്‍. ഭരണ സൗകര്യത്തിന് വേണ്ടി മലബാറില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് ഹജൂര്‍ കച്ചേരി. ബ്രിട്ടീഷുകാരുടെ റെവന്യൂ ഓഫീസും കോടതിയും ജയിലുമെല്ലാം ഹജൂര്‍ കച്ചേരിയായിരുന്നു. ടിപ്പുവിന്റെ കോട്ട പിടിച്ചടക്കിയതിന് ശേഷം അത് തകര്‍ത്ത് അവിടെ നിന്നും ലഭിച്ച കല്ലുപയോഗിച്ചാണ് ബ്രിട്ടീഷുകാര്‍ ഹജൂര്‍ കച്ചേരി നിര്‍മ്മിച്ചത്. ബ്രിട്ടീഷുകാരുടെ പല കൊടുംക്രൂരതകള്‍ക്കും ചെമ്മാട്ടുള്ള ഈ കെട്ടിടം സാക്ഷിയായിട്ടുണ്ട്.
മലബാറിലും ഖിലാഫത്തിന്റെ അലയൊലികളുണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ ബ്രിട്ടീഷ് പട്ടാളക്കാരും പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആലി മുസ്ല്യാരും ഖിലാഫത്ത് പ്രവര്‍ത്തകരും ഹജൂര്‍ കച്ചേരിയിലെത്തി. എന്നാല്‍ ഇവര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു.
എന്നാല്‍ വെടിവെക്കുന്ന പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ പാഞ്ഞെടുത്തു. ഇതോടെ ബ്രിട്ടീഷുകാര്‍ തോക്ക് ഉപേക്ഷിച്ച് പിന്തിരിഞ്ഞോടി എന്നാണ് പറയപ്പെടുന്നത്. ഇതിന് പിന്നാലെയാണ് മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്നും എത്രപേര്‍ മരിച്ചുവെന്നതില്‍ കൃത്യമായ കണക്കില്ല.
ബ്രിട്ടീഷ് പട്ടാളത്തിലേയും പോലീസിലേയും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്ന് കൊല്ലപ്പെട്ടു. സമരക്കാരിലും ഒട്ടനവധി മരണം സംഭവിച്ചു. ബ്രിട്ടീഷുകാരുടെ കല്ലറ ഇന്നും ഹജൂര്‍ കച്ചേരി കോംമ്പൗണ്ടില്‍ സംരക്ഷിച്ചുപോരുന്നുണ്ട്. ലഫ്. വില്യം റൂഥര്‍ഫൂഡ് ജോണ്‍സ്റ്റണ്‍, പ്രൈവറ്റ് എഫ്എം എലി, പ്രൈവറ്റ് എച്ച്‌സി ഹച്ചിങ്‌സ്, എസിപി വില്യം ജോണ്‍ ഡങ്കണ്‍ റൗളി എന്നിവരുടെ കല്ലറകളാണ് ഇവിടെയുള്ളത്.
മാപ്പിള ലഹള
ഹജൂര്‍ കച്ചേരിയില്‍ വെച്ച് നടന്ന സംഭവത്തോടെ മാപ്പിള സമരം ശക്തിപ്രാപിച്ചു. സമരത്തിന് മുന്നില്‍ ബ്രിട്ടീഷുകാരും ഒന്ന് പകച്ചു. അങ്ങനെ ആലി മുസ്ല്യാരുടെ നേതൃത്വത്തില്‍ ഭരണകൂടം നിലവില്‍ വന്നു. ആലി മുസ്ല്യാരുടെ ഭരണകേന്ദ്രവും ഹജൂര്‍ കച്ചേരി തന്നെയായിരുന്നു. എന്നാല്‍ ആ ഭരണം അധികകാലം നീണ്ടുനിന്നില്ല. കൂടുതല്‍ പട്ടാളമിറങ്ങി മേഖല വീണ്ടും പിടിച്ചടുക്കി.
സ്വാതന്ത്ര്യാനന്തരം
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തിരൂരങ്ങാടി താലൂക്ക് ഓഫീസും മറ്റ് സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രവര്‍ത്തിച്ചിരുന്നത് ഹജൂര്‍ കച്ചേരിയിലായിരുന്നു. മലപ്പുറം ജില്ലയിലെ പൈതൃക സംരക്ഷണ പദ്ധതിയില്‍ പ്രാമുഖ്യം നല്‍കിയതിന് തന്നെയായിരുന്നു. 75 സെന്റിലാണ് ഹജൂര്‍ കച്ചേരി സ്ഥിതി ചെയ്യുന്നത്.
ഇന്ന് അത് വെറും ഭരണസിരാകേന്ദ്രമല്ല, മ്യൂസിയമാണ്. മലബാറിന്റെ സമരങ്ങളെല്ലാം ഉള്‍പ്പെടുന്ന ഒരു മ്യൂസിയം. ജില്ലയുടെ കാര്‍ഷിക പാരമ്പര്യ, ആയുര്‍വേദം, അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍, ജില്ലയുടെ പിറവി, സാംസ്‌കാരിക പൈതൃകം, ഗള്‍ഫ് കുടിയേറ്റം, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ചരിത്രശേഷിപ്പുകള്‍ തുടങ്ങി എല്ലാം ഇന്ന് ആ മ്യൂസിയത്തിലുണ്ട്.