Hajj Ticket Fare: കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറയ്ക്കില്ല; നിലപാടിലുറച്ച് കേന്ദ്രം, തീർഥാടകർക്ക് തിരിച്ചടി
Hajj Ticket Fare: 2024 ൽ കോഴിക്കോട് നിന്നും ഹജ്ജിന് നിർദ്ദേശിക്കപ്പെട്ടത് 9770 തീർത്ഥാടകരായിരുന്നു. എന്നാൽ 2025 ൽ 5591 തീർത്ഥാടകരെയാണ് ഹജ്ജിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കോഴിക്കോട് നിന്നുള്ള നിർദ്ദിഷ്ട തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് തിരിച്ചടിയായി കേന്ദ്ര നിലപാട്. വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനക്കൂലി കുറയ്ക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർ നൽകേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തതിലാണ് കേന്ദ്രം നിലപാട് അറിയിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഹാരിസ് ബീരാൻ എം പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടിരുന്നു.
മലബാറിൽ മേഖലയിൽ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാർക്കാർക്ക് താങ്ങാനാവാത്ത യാത്രക്കൂലിയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന് നിവേദനം നൽകിയത്. കേരളത്തിലെ മറ്റു വിമാനത്തവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോഴിക്കോട്ടെ ഉയർന്ന വിമാന നിരക്കുകൾ ഭൂമിശാസ്ത്രപരമായ (ടേബിൾ-ടോപ്പ് റൺവേ) പരിമിതികളുണ്ടെന്നും മറ്റ് ചില കാരണങ്ങളുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
2024 ൽ കോഴിക്കോട് നിന്നും ഹജ്ജിന് നിർദ്ദേശിക്കപ്പെട്ടത് 9770 തീർത്ഥാടകരായിരുന്നു. എന്നാൽ 2025 ൽ 5591 തീർത്ഥാടകരെയാണ് ഹജ്ജിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കോഴിക്കോട് നിന്നുള്ള നിർദ്ദിഷ്ട തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലും വിമാന നിരക്കിൽ കാര്യമായ മാറ്റമില്ലതെയാണ് തുടരുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
കൂടാതെ, ഹജ് എയർ ചാർട്ടർ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും ക്രമീകരണങ്ങൾക്കുമായി ഒരു ഹജ് എയർ ട്രാവൽ കമ്മിറ്റി (HATC) രൂപീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷ കാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം, ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ, ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തുടങ്ങിയവരുടെ പ്രതിനിധികൾ ഉൾപ്പെടുത്തിയാണ് എച്ച്എസിടിഎ രൂപീകരിച്ചിരിക്കുന്നത്.
ഈ കമ്മിറ്റി ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ഹജ് തീർത്ഥാടനവും മറ്റ് പ്രവർത്തനങ്ങളും ഉറപ്പാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും സെക്രട്ടറി ചൂണ്ടികാട്ടി. അതേസമയം, കേന്ദ്രത്തിൻ്റെ ഈ നിലപാട് മലബാറിലെ ഹജ്ജ് തീർത്ഥാടകരെ വളരെ സംബന്ധിച്ച് നിരാശാജനകവും വലിയ തിരിച്ചടിയുമാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ മറുപടിയെന്ന് ഹാരിസ് ബീരാൻ എംപി ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.