H1N1 Death: തൃശ്ശൂരിൽ എച്ച്1 എൻ1 ബാധിച്ച് 62കാരി മരിച്ചു
H1N1 Death: എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെർഡിനാൻറിൻറെ ഭാര്യ മീനയാണ് രോഗം ബാധിച്ച് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതായി ആരഗ്യ വകുപ്പ് അറിയിച്ചു.
തൃശ്ശൂർ: തൃശൂരിൽ എച്ച് വൺ എൻ വൺ ബാധിച്ചു 62 കാരി മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെർഡിനാൻറിൻറെ ഭാര്യ മീനയാണ് രോഗം ബാധിച്ച് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതായി ആരഗ്യ വകുപ്പ് അറിയിച്ചു.
രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് എച്ച്1 എൻ1 പനി സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മീനയുടെ വീട്ടിലെത്തി പരിശോധന നടത്തിവരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്.
എന്താണ് എച്ച്1 എൻ1?
സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി എന്ന രോഗം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശ രോഗങ്ങളുണ്ടാകാൻ കാരണമാകുന്നു. വായുവിലൂടെ പകരുന്ന വൈറസാണിത്.
പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളിൽനിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.
ലക്ഷണങ്ങൾ
സാധാരണ വൈറൽ പനിക്കു സമാനമാണ് എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങളും. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാനും ഇടയുണ്ട്.
ചികിത്സാരീതികൾ
രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം ആവശ്യമാണ്. പനിയും മറ്റും തടയുന്നതിനും വൈറസിനെതിരെയും മരുന്നുകൾ കഴിക്കുക. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക് ആൻ്റിവൈറൽ മരുന്നുകൾ നൽകാം.