Guruvayur Nandini Elephant: 60 വർഷംമുമ്പ് ഗുരുവായൂരപ്പന് കിട്ടിയ നാലു വയസ്സുകാരി ആനക്കുട്ടി, നന്ദിനിക്ക് റബ്ബർ ഷീറ്റിൻ്റെ മെത്ത വിരിച്ച ദേവസ്വം
പാദ രോഗം നന്ദിനിയെ ഒന്നു വിഷമിപ്പിച്ചതിനാൽ 2023 ലെ പള്ളിവേട്ട ആറാട്ട് ചടങ്ങുകളിൽ നന്ദിനി പങ്കെടുത്തില്ല. എന്നാൽ വിദഗ്ധ ചികിത്സ ലഭിച്ചതോടെ നന്ദിനി രോഗമുക്തയായി. 12 വർഷം മുമ്പ് കോട്ടയം കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിൽ വെച്ച് നന്ദിനിക്ക് ഗജറാണി പട്ടം നൽകിയിരുന്നു

ഗുരുവായൂരപ്പൻ്റെ ഗജ സമ്പത്തിലെ പ്രധാനികളിലൊരാളായ പിടിയാന ഗുരുവായൂർ നന്ദിനി ചെരിഞ്ഞത് ആനപ്രേമികളെയും സങ്കടത്തിലാഴ്ത്തിയ വാർത്തയായിരുന്നു.ഇതിന് പിന്നാലെ ഗുരുവായൂർ ദേവസ്വം തന്നെ നന്ദിനി ഗുരുവായൂർ കാലത്തെ പറ്റി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. വെറും നാലു വയസ്സു മാത്രമുള്ള നന്ദിനിയെ ഗുരുവായൂരപ്പന് നൽകിയത് നിലമ്പൂരുകാരനായ പി.നാരായണൻ നായരായിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹം നടപ്പാക്കാനായി കുടുംബ സുഹൃത്തായ പി കേശവമേനോൻ ഗുരുവായൂർ ദേവസ്വത്തിനൊരു കത്തയച്ചു.
പിന്നെ നടപടികളൊക്കെയും വേഗത്തിലായിരുന്നു. 1964 മെയ് 9 ന് ഗുരുവായൂരപ്പന് നടയിരുത്തിയ പിടിയാനക്കുട്ടിയെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയുടേയും ക്ഷേത്രം അധികൃതരുടേയും സാന്നിദ്ധ്യത്തിൽ മേൽശാന്തി ചേക്കൂർ വാസുദേവൻ ഭട്ടതിരിപ്പാട് തീർത്ഥം തളിച്ച് മസ്തകത്തിൽ കളഭം അണിയിച്ച് മാലചാർത്തി ചെവിയിൽ 3 വട്ടം പേര് വിളിച്ചു ‘നന്ദിനി’ കുട്ടി ആയതിനാൽ തന്നെ നന്ദിനിക്ക് പ്രത്യേക ശ്രദ്ധ ദേവസ്വം നൽകിയിരുന്നു.
നന്ദിനിക്കുട്ടി ഗുരുവായൂരിൽ വരുമ്പോൾ പരിചരിക്കാൻ കൂടെ പാപ്പാൻ ഉണിക്കിരിവീട്ടിൽ ബാലപ്പണിക്കരുംഉണ്ടായിരുന്നു ഗുരുവായൂരിൽ വരുമ്പോൾ തന്നെ നന്ദിനി ക്ക് കഴുത്തിൽ സ്വല്പം നീരുണ്ടായിരുന്നു. ആനസംരക്ഷകനായ മാതേമ്പാട്ട് നമ്പ്യാരുടേയും ആനവൈദ്യന്റെയും നിർദ്ദേശപ്രകാരം നന്ദിനി ക്ക് കുറച്ചുദിവസം ചികിത്സയും നടന്നു. വൈക്കത്തു വീട്ടിൽ കുഞ്ഞിക്കൃഷ്ണൻ നായരേയും മറ്റൊരാനക്കാരനായി ദേവസ്വം നിശ്ചയിച്ചു. നന്ദിനിയെ ആരെങ്കിലും എഴുന്നള്ളിപ്പിന് ആവശ്യപ്പെട്ടുവന്നാൽ ദിവസം 5 രൂപയായിരുന്നു ദേവസ്വം നിശ്ചയിച്ച ഏക്കം.വർഷങ്ങളോളം ഗുരുവായൂരപ്പൻ്റെ സ്വർണ്ണത്തിടമ്പേറ്റി നിത്യശീവേലി നടത്തി സേവനം ചെയ്ത നന്ദിനി എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റി.
പാദ രോഗം നന്ദിനിയെ ഒന്നു വിഷമിപ്പിച്ചതിനാൽ 2023 ലെ പള്ളിവേട്ട ആറാട്ട് ചടങ്ങുകളിൽ നന്ദിനി പങ്കെടുത്തില്ല. എന്നാൽ വിദഗ്ധ ചികിത്സ ലഭിച്ചതോടെ നന്ദിനി രോഗമുക്തയായി. 12 വർഷം മുമ്പ് കോട്ടയം കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിൽ വെച്ച് നന്ദിനിക്ക് ഗജറാണി പട്ടം നൽകി ആദരിച്ചു. പാദരോഗം തളർത്തിയ നന്ദിനിക്ക് ഷൂ വാങ്ങി നൽകാൻ ദേവസ്വം തയ്യാറെടുത്ത വാർത്ത ശ്രദ്ധ നേടിയിരുന്നു. ആനക്ക് കിടക്കാൻ പ്രത്യേകം റബ്ബർ ബെഡ്ഡും ഒരു ഭക്തൻ ആനക്കോട്ടയിൽ എത്തിച്ചിരുന്നു.