Guillain Barre Syndrome: കേരളത്തിൽ രണ്ടാമത്തെ ഗില്ലൻ ബാരി ; ചികിത്സയിലിരുന്ന 10-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു
Guillain Barre Syndrome Death Kottayam: കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിൽ ജിബിഎസ് കേസുകൾ രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മഹാരാഷ്ട്രയിലെ പൂനെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്

Guillan Barre Syndrome
കോട്ടയം: ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് രണ്ടാമത്തെ മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്തു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിദ്യാർത്ഥിനി ഗൗതമി പ്രവീൺ (15) ആണു മരിച്ചത്. എരുമേലി ചേനപ്പാടി വലിയതറ പ്രവീണിന്റെയും അശ്വതിയുടെയും മകളാണ് ഗൗതമി. കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ 10-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ ഒന്നരമാസത്തിലധികമായി വെൻ്റിലേറ്ററിറിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ജിബിഎസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിൽ ജിബിഎസ് കേസുകൾ രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മഹാരാഷ്ട്രയിലെ പൂനെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മിക്ക കേസുകൾക്കും പിന്നിൽ ജലമലിനീകരണമാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ശരീരത്തിൽ ഇക്കിളി തോുന്നുക, മരവിപ്പ്, പേശി ബലഹീനത, വേദന, നടക്കാൻ ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടുന്നതാണ് ജിബിഎസ്. കഴിഞ്ഞ ആഴ്ച ആന്ധ്രാപ്രദേശിൽ ഒരു മരണവും തമിഴ്‌നാട്ടിൽ നിന്നുള്ള 10 വയസ്സുള്ള ഒരു ആൺകുട്ടിയും ജിബിഎസ് മൂലം മരിച്ചു. പുതിയ വിവരങ്ങൾ പ്രകാരം, രാജ്യത്തുടനീളം 14-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.