Remote Control Gate Accident: കൊച്ചുമകൻ്റെ മരണവാർത്തയറിഞ്ഞ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
Remote Control Gate Incident: വീടിൻ്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ (Remote Control Gate Incident) കുടുങ്ങി മരിച്ച ഒമ്പതുവയസുകാരൻ്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. കുഞ്ഞിൻ്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി കുഴഞ്ഞുവീഴുകയായിരുന്നു. ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിൻ്റെ മകനാണ് മരണപ്പെട്ട മുഹമ്മദ് സിനാൻ (9) (Muhammad Sinan). ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ചത്. വീടിൻ്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോട്ടക്കലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ആളുകൾ ഓടിക്കൂടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയെ കുടുംബത്തിന് വിട്ടുനൽകും. ആലിൻചുവട് എംഇടി സെൻട്രൽ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് സിനാൻ. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം നടക്കുന്നത്.