Rajendra Arlekar: ‘സവർക്കർ രാജ്യശത്രുവല്ല, ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാവും’; എസ്എഫ്ഐ ബാനറിൽ അതൃപ്തി പരസ്യമാക്കി ഗവർണർ
Rajendra Arlekar Slams SFI: സവർക്കറിനെതിരെ എസ്എഫ്ഐ സ്ഥാപിച്ച ബാനറിൽ അതൃപ്തി രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര അർലേക്കർ. ഗവർണർ രാജ്യത്തിനായി വളരെയധികം ത്യാഗങ്ങൾ സഹിച്ച വ്യക്തിയാണെന്നും അദ്ദേഹം രാജ്യശത്രുവല്ലെന്നും അർലേക്കർ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയ്ക്ക് മുന്നിൽ സ്ഥാപിച്ച എസ്എഫ്ഐ ബാനറിൽ അതൃപ്തി രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര അർലേക്കർ. ‘സവർക്കറെയല്ല, ചാൻസിലറെയാണ് വേണ്ടത്’ എന്നായിരുന്നു പോസ്റ്റർ. ഇതിനോടാണ് ഗവർണർ പ്രതികരിച്ചത്. സവർക്കർ രാജ്യശത്രുവല്ല എന്നും ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാവും എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ബാനറുകൾ ക്യാമ്പസിൽ സ്ഥാപിക്കുന്നതിൽ ശ്രദ്ധവേണമെന്ന് ഗവർണർ വൈസ് ചാൻസിലറോട് നിർദ്ദേശിച്ചു.
സർവകലാശാലയിലേക്ക് കയറുമ്പോൾ തന്നെ ഗവർണർ ഈ ബാനർ കണ്ടിരുന്നു. രാജ്യത്തിനായി വളരെയധികം ത്യാഗങ്ങൾ ചെയ്ത വ്യക്തിയാണ് സവർക്കർ. അദ്ദേഹം എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ചു. വീടോ വീട്ടുകാരെയോ അദ്ദേഹം ഓർമിക്കാറില്ലായിരുന്നു. എപ്പോഴും അദ്ദേഹം സമൂഹത്തെപ്പറ്റി ചിന്തിച്ചു. അദ്ദേഹം രാജ്യശത്രുവല്ല. എന്ത് ചിന്തയാണ് ഇതിന് പിന്നിലെന്നറിയില്ല. ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാവും എന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ജനുവരി രണ്ടിനാണ് രാജേന്ദ്ര അർലേക്കർ സംസ്ഥാനത്തിൻ്റെ 29ആം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സ്പീക്കർ എൻ ഷംസീർ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവരൊക്കെ ചടങ്ങിൽ സംബന്ധിച്ചു.
Also Read: Kozhikode Janshatabdhi Express: ഒടുവിൽ ശാപമോക്ഷം…! കോഴിക്കോട് ജനശതാബ്‌ദിയുടെ ലുക്ക് അടിമുടി മാറുന്നു
ചെറുപ്പം മുതൽ തന്നെ ആർഎസ്എസ് പ്രവർത്തകനായിരുന്ന അർലേക്കർ 1989 മുതലാണ് ഗോവ ബിജെപിയിലെ സജീവസാന്നിധ്യമാവുന്നത്. ബിജെപിയുടെ വിവിധ ചുമതലകൾ വഹിച്ചു. 2015ൽ ഗോവ മന്ത്രിസഭയിൽ വനം മന്ത്രിയായി. 2021ലാണ് ആദ്യമായി ഗവർണറാവുന്നത്. ഹിമാചൽ പ്രദേശിൻ്റെ ഗവർണറായായിരുന്നു തുടക്കം. 2023ൽ ബീഹാറിൻ്റെ ഗവർണർ സ്ഥാനം ഏറ്റെടുത്തു. ബീഹാർ ഗവർണറായിരിക്കെയാണ് കേരളത്തിലെത്തുന്നത്. ബിജെപി ഗോവയുടെ സംസ്ഥാന അധ്യക്ഷൻ, ഗോവ നിയമസഭാ സ്പീക്കർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
മുൻ ഗവർണറായ ആരിഫ് മുഹമ്മദ് ഖാനുമായി പല കാര്യങ്ങളിലും കേരളത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതൊക്കെ പലപ്പോഴും മറനീക്കി പുറത്തുവരികയും ചെയ്തു. ഗവർണറുമായുള്ള ഭിന്നത സംസ്ഥാന സർക്കാരോ സർക്കാരിനെതിരായ ഭിന്നത ഗവർണറോ ഒളിച്ചുവച്ചിരുന്നില്ല. ബില്ലുകൾ ഒപ്പിടാതിരുന്ന സാഹചര്യത്തിൽ ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ കോടതിയെ വരെ സമീപിച്ചിരുന്നു. ഇങ്ങനെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനം ഒഴിയുന്നത്. 2024 സെപ്റ്റംബർ 5നാണ് അദ്ദേഹം ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയത്. നിലവിൽ ബീഹാറിൻ്റെ ഗവർണറാണ് അദ്ദേഹം.