Arif Mohammad Khan: ‘മുഖ്യമന്ത്രി നൽകിയ കത്ത് വ്യക്തമാകുന്നില്ല’; പരസ്യമായി കത്ത് വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Governor Read CM Pinarayi Vijayan Explanation Letter in Public: മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന് ഗവർണർ ആരോപിച്ചു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകാത്തതിനെതിരെയാണ് ഗവർണറുടെ രൂക്ഷ വിമർശനം.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. തന്റെ കത്തിന് മുഖ്യമന്ത്രി നൽകിയ വിശദീകരണം വ്യക്തമാകുന്നില്ലെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ കത്ത് മാധ്യമങ്ങൾക്ക് മുമ്പിൽ പരസ്യമായി വായിച്ചായിരുന്നു ഗവർണറുടെ വിമർശനം. ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകാത്തതിനെതിരെയും ഗവർണർ രൂക്ഷ വിമർശനം ഉന്നയിച്ചു.
“മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരാൻ തയ്യാറുകുന്നില്ലെന്ന് മാത്രമല്ല, മറ്റുള്ളവരെ വരാൻ അനുവദിക്കുന്നുമില്ല. അദ്ദേഹത്തിന് എന്തോ ഒളിക്കാനുണ്ട്. മൂന്ന് വർഷം മുമ്പ് അദ്ദേഹത്തിന്റെ സെക്രട്ടറി സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായത് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പിന്നെ അദ്ദേഹത്തിനെ പിന്നിലേക്ക് വലിക്കുന്നത് എന്താണ്? രാജ്യത്തിനെതിരായ കുറ്റകൃത്യം വേറെ വകുപ്പാണ്. അതുകൊണ്ട് ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ല. ഇത് വെറുമൊരു ക്രമസമാധാന പ്രശ്നമല്ല. സാധാരണമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയവുമല്ല. അതുകൊണ്ട് തന്നെയാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ, മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാൻ ഉള്ളത് കൊണ്ട്, അവരെ വിലക്കി.” ഗവർണർ പറഞ്ഞു.
ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക എന്നത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും, എന്നാൽ തന്റെ കത്തിന് കൃത്യമായ വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെങ്കിൽ താൻ എന്താണ് ചെയ്യേണ്ടതെന്നും ഗവർണർ ചോദിച്ചു.
സ്വർണ്ണക്കടത്ത് സംബന്ധിച്ച വിഷയത്തിൽ, ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറല്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് അതിരൂക്ഷമായ ഭാഷയിൽ ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ച് വെക്കാനുണ്ടെന്നും കത്തിൽ ഉണ്ടായിരുന്നു. ഈ കത്തിനാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും, വിവരങ്ങൾ അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി നൽകിയ മറുപടി കത്തിൽ പറയുന്നു.