Christmas Exam Question Paper Leak: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ അധ്യാപകരാണോ നിങ്ങൾ? എങ്കിൽ പണി വരുന്നുണ്ട്! മുന്നറിയിപ്പുമായി മന്ത്രി
Government School Teachers: പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. വീഴ്ച ഉണ്ടാവാൻ സമ്മതിക്കുകയുമില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നവരെ സ്വകാര്യ ട്യൂഷനിൽ നിന്ന് വിലക്കി സർക്കാർ. പൊതു വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നവർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധമാണ്. അനധീകൃതമായി ഇത്തരത്തിൽ അധ്യാപകർ ജോലി ചെയ്യുന്നുണ്ടോ എന്ന് പൊലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും പരിശോധിക്കും.
കുറ്റക്കാരെന്ന് കണ്ടെത്തുന്ന അധ്യാപകർക്കെതിരെ നടപടിയും കൈക്കൊള്ളും. അധ്യാപക തസ്തികകൾ റിപ്പോർട്ട് ചെയ്താൽ നിയമിക്കാൻ പി എസ് സി ലിസ്റ്റുകൾ നിലവിൽ ഉണ്ട്. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ സ്കൂൾ പിടിഎ അധികാരികളോട് മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖല ലോകനിലവാരത്തിലേക്ക് ഉയർന്നതിന് പിന്നിൽ പൊതു സമൂഹത്തിന്റെ പിന്തുണയുണ്ട്. ആ പിന്തുണ ഇനിയും തുടരണം.
ALSO READ: ചോദ്യ പേപ്പർ ചോർച്ചക്ക് പിന്നിലാര്? അന്വേഷണം ക്രൈംബ്രാഞ്ചിന്
ക്രിസ്മസ് പരീക്ഷ പേപ്പറിലെ ചില ചോദ്യങ്ങൾ സ്വകാര്യ യൂട്യൂബ് ചാനലിൽ വന്നതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കർശനമായ നടപടികളാണ് കൈക്കൊള്ളുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയ്ക്കും സൈബർ സെല്ലിനും ചോദ്യപേപ്പർ ചോർച്ചയിൽ പരാതി നൽകുകയും, ഡിജിപിയെ നേരിൽ കാണുകയും ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്ന നിലയിൽ ഇക്കാര്യങ്ങൾ താൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിട്ടുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. വീഴ്ച ഉണ്ടാവാൻ സമ്മതിക്കുകയുമില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ വിശദീകരണവുമായി എം എസ് സൊല്യൂഷൻ രംഗത്തെത്തി. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സ്വകാര്യ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന ചോദ്യങ്ങൾ പരിഗണിച്ചാണ് തങ്ങൾ സാധ്യതാ ചോദ്യങ്ങൾ തയ്യാറാക്കിയതെന്നും ഇതാണ് വിദ്യാർത്ഥികൾക്ക് നൽകിയതെന്നുമാണ് ജീവനക്കാരുടെ പ്രതികരണം. പരീക്ഷയുടെ തലേദിവസം രാത്രി ഏഴ് മണിയോടെയാണ് മറ്റുള്ളവർ വീഡിയോ തയ്യാറാക്കിയത്. ഈ ചോദ്യങ്ങൾ പരിശോധിച്ച ശേഷം അർദ്ധരാത്രിലാണ് തങ്ങൾ വീഡിയോ തയ്യാറാക്കിയത്. സാധ്യതാ ചോദ്യങ്ങളിൽ കൂടുതൽ ചോദ്യം ഉൾപ്പെടാൻ കാരണം ഇതാണെന്നാണ് വിശദീകരണം. അന്വേഷണവുമായി സഹകരിക്കുമെന്നും സ്ഥാപനം വ്യക്തമാക്കി.