Goonda’s Celebration in Thrissur: ജയിലില്‍ നിന്നിറങ്ങിയ കൊലക്കേസ് പ്രതിക്ക് ആവേശം സ്റ്റൈലില്‍ ഗുണ്ടകളുടെ വെല്‍ക്കം പാര്‍ട്ടി

ഇരട്ടക്കൊലക്കേസില്‍ ജയില്‍ മോചിതനായ തൃശൂര്‍ കുറ്റൂര്‍ സ്വദേശിയായ അനൂപിനാണ് സഹഗുണ്ടകള്‍ പാര്‍ട്ടി ഒരുക്കിയത്. അത് റീലാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു

Goondas Celebration in Thrissur: ജയിലില്‍ നിന്നിറങ്ങിയ കൊലക്കേസ് പ്രതിക്ക് ആവേശം സ്റ്റൈലില്‍ ഗുണ്ടകളുടെ വെല്‍ക്കം പാര്‍ട്ടി
Published: 

14 May 2024 13:53 PM

തൃശൂര്‍: കൊലക്കേസ് പ്രതിക്ക് ആവേശം സ്റ്റൈലില്‍ വരവേല്‍പ്പ് ഒരുക്കിയിരിക്കുകയാണ് തൃശൂരിലെ 60 ഓളം ഗുണ്ടകള്‍. ആവേശം സിനിമയില്‍ ബിജിഎം ഇട്ട് കാറില്‍ നിന്നിറങ്ങിവരുന്ന കൊലയാളി നായകന്‍. രംഗം തുടങ്ങുന്നത് കാലിന്റെ ക്ലോസപ്പ് ഷോട്ടില്‍ നിന്നാണ്. നായകന്‍ തിരിച്ചെത്തിയത് ഒരു സിനിമ പോലെ തന്നെയാണ് സഹഗുണ്ടകള്‍ ചിത്രീകരിച്ച് വെച്ചിരിക്കുന്നത്.

ഇരട്ടക്കൊലക്കേസില്‍ ജയില്‍ മോചിതനായ തൃശൂര്‍ കുറ്റൂര്‍ സ്വദേശിയായ അനൂപിനാണ് സഹഗുണ്ടകള്‍ പാര്‍ട്ടി ഒരുക്കിയത്. അത് റീലാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അനൂപിന്റെ സുഹൃത്തുക്കളും പരിചയക്കാരുമായ ഗുണ്ടകളാണ് റീലില്‍ ഉള്ളത്. പാടത്ത് നടത്തിയ ആഘോഷത്തിനിടയില്‍ അവിടേക്ക് പൊലീസ് എത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആവേശം സിനിമയില്‍ ഫഹദ് ഫാസിലിന്റെ കഥാപാത്രമായ രംഗന്‍ പറയുന്ന എട മോനേ എന്ന ഡയലോഗിട്ടാണ് റീല്‍ ചെയ്തിരിക്കുന്നത്. ഏപ്രില്‍ മാസം അവസാനമാണ് പാര്‍ട്ടി നടന്നതെങ്കിലും വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്.

എന്നാല്‍ പതിവില്‍ കൂടുതല്‍ ആളുകളെ വീഡിയോ ചിത്രീകരിക്കുന്ന സ്ഥലത്ത് കണ്ടതുകൊണ്ട് അവിടേക്ക് വന്ന തങ്ങളെയും വീഡിയോയുടെ ഭാഗമാക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. കാര്യമെന്താണെന്ന് അന്വേഷിച്ചപ്പോള്‍ തന്റെ അച്ഛന്റെ മരണ ശേഷം നടക്കുന്ന ചില ചടങ്ങളുടെ ഭാഗമായുള്ള ഒത്തുചേരലെന്നായിരുന്നു സംഘം പറഞ്ഞത്. ചടങ്ങുകളുചെ ഭാഗമായി ഭക്ഷണം വിളമ്പുകയാണെന്നും ഗുണ്ടകള്‍ പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം രൂക്ഷമാകുകയാണ്. കരമന അഖില്‍ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മുഴുവന്‍ പ്രതികളും ഇതിനോടകം പിടിയിലായതായി പൊലീസ് അറിയിച്ചു. ഇതില്‍ അരുണ്‍ എന്നയാളുടെ വീട്ടില്‍വച്ചാണ് ഗൂഡാലോചന നടന്നതെന്ന് പൊലീസ് പറയുന്നു. വോട്ടെടുപ്പ് ദിവസം വൈകുന്നേരമാണ് നേമത്തെ ബാറില്‍ വച്ച് കൊല്ലപ്പെട്ട അഖിലും സുഹൃത്ത് വിശാലും പ്രതികളായ രണ്ടു പേരുമായി ഏറ്റുമുട്ടിയത്. അഖില്‍ പാട്ടുപാടിയപ്പോള്‍ പ്രതികള്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. വാക്കു തര്‍ക്കം കൈയാങ്കളിയായി. സംഘര്‍ഷത്തിനിടെ പ്രതികളില്‍ ഒരാളായ വിനീതിന്റെ തലക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പരിക്കേറ്റിരുന്നെങ്കിലും പൊലീസില്‍ പരാതി നല്‍കാതെ പകരം വീട്ടാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

വിനീതാണ് അഖിലിന്റെ തലയിലും ശരീരത്തിലും കോണ്‍ക്രീറ്റ് കല്ല് എറിഞ്ഞത്. അഖില്‍ അപ്പുവും സുമേഷുമായിരുന്നു അക്രമി സംഘത്തിലുണ്ടയിരുന്ന മറ്റുള്ളവര്‍. അക്രമം കണ്ട് ഭയന്ന അനീഷ് വാഹനവുമായി അവിടെ നിന്നും മുങ്ങുകയായിരുന്നു. നാല് പേര്‍ നേരിട്ടും നാലുപേര്‍ ഗൂഢാലോചനയിലും പങ്കാളികളായി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2019 ലെ അനന്തു വധക്കേസിലെ പ്രതികളാണ് ഇവര്‍. കൊടും ക്രമിനലുകളായ പ്രതികള്‍ വീണ്ടും പുറത്തിറങ്ങുന്നത് തടയാന്‍ അതിവേഗം രണ്ട് വധക്കേസിലെയും വിചാരണ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം.

അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരം കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് പരിക്കേറ്റിരുന്നു. എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരന്‍ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് തലയ്ക്ക് പരിക്കേറ്റത്. കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനമായ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് പോലീസിനെ ആക്രമിച്ചത്. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനിടെ കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.

അതേസമയം, ബോക്‌സ്ഓഫീസ് കളക്ഷനുകള്‍ വാരി കൂട്ടിയതിന് ശേഷം ഫഹദ് ഫാസിലിന്റെ ആവേശം സിനിമ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഫഹദിന്റെ ഗ്യാങ്സ്റ്റാര്‍ കോമഡി ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്.

Related Stories
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ