Google Map Accident: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തു; കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം
Google Map Protection: പാലത്തിലേക്ക് കയറിയ വാഹനം ബ്രേക്ക് പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ പാലത്തില്‍ നിന്ന് താഴെ വീണതാകാം എന്നാണ് നിഗമനം. 15 അടിയോളം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്.
വയനാട്: ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ ഓടിച്ച സംഘം അപകടത്തില്‍പ്പെട്ടു. ബാവലി മഖാമിന് സമീപം പാലത്തില്‍ നിന്ന് വാഹനം താഴേക്ക് വീഴുകയായിരുന്നു. കര്‍ണാടക സ്വദേശികളുടെയാണ് വാഹനം. കാറിലുണ്ടായിരുന്നു മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ നടപാതയ്ക്കായി ഒരുക്കിയ പാലത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പാലത്തിലേക്ക് കയറിയ വാഹനം ബ്രേക്ക് പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ പാലത്തില്‍ നിന്ന് താഴെ വീണതാകാം എന്നാണ് നിഗമനം. 15 അടിയോളം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. മാനന്തവാടി അഗ്നിരക്ഷസേന സംഭവ സ്ഥലത്തെത്തി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ചിക്കമംഗളൂരു സ്വദേശികളായ ബെനഡിക്ട് (67), ഡിസൂസ (60), ലോറന്‍സ് (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അഗ്നിരക്ഷാസേനയുടെ ആംബുലന്‍സില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്നവരുടെ വാര്‍ത്ത് ഈയിടെയായി
വര്‍ധിച്ചുവരികയാണ്. മഴക്കാലമെത്തുമ്പോഴാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ കൂടുന്നത്. പല സ്ഥലങ്ങളിലും വെള്ളക്കെട്ടും മറ്റുമായി റോഡുകള്‍ കാണാന്‍ സാധിക്കാതെ വരികയും അങ്ങനെ അപകടത്തില്‍പ്പെടുന്നവരുമാണ് അധികവും. രാത്രിയാത്രയിലും സൂക്ഷിക്കണം. വഴി പരിചയമില്ലാത്തവരാണെങ്കില്‍ ഉറപ്പായും അപകടത്തില്‍പ്പെടും.
ഗൂഗിള്‍ മാപ്പ് കാണിച്ച് തരുന്ന ചതിക്കുഴികള്‍ നമ്മളെ ചിലപ്പോള്‍ മരണത്തിലേക്കെത്തിക്കുകയും ചെയ്യും. എന്നാല്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതാണ്.
ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍, നമുക്ക് ഒട്ടും അറിയാത്ത വഴികളിലൂടെ മാപ്പ് നോക്കി യാത്ര ചെയ്യുന്നത് നമ്മളെ ചിലപ്പോഴെങ്കിലും അപകടത്തില്‍ കൊണ്ട് ചെന്നെത്തിക്കും. എന്നാല്‍ സൂക്ഷിച്ചാല്‍ ഏറ്റവും നല്ല വഴികാട്ടി ഗൂഗിള്‍ മാപ്പ് തന്നെയാണ്.
വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചുവിടുന്നത് പതിവാണ്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല. ഈ സമയങ്ങളില്‍ കഴിവതും ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാതിരിക്കുക.
ട്രാഫിക് കുറവുള്ള റോഡുകളെയാണ് ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം മണ്‍സൂണ്‍ കാലത്തും ഗൂഗിള്‍ മാപ്പ് നമുക്ക് റെക്കമെന്റ് ചെയ്യുന്നത്. എന്നാല്‍ ഈ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമാകണമെന്നില്ല. ജലാശയങ്ങള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും പലതരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകാം. യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമമായ സഞ്ചാരം സാധ്യമല്ലാത്തതുമായ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നമ്മളെ നയിച്ചേക്കാം. എന്നാല്‍ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.
Also Read: Premam Bridge : നവകേരള സദസിലെ പരാതിയിൽ നടപടിയായി; ആലുവയിലെ പ്രേമം പാലത്തിന് പൂട്ടിട്ട് അധികൃതർ
ഇനിയിപ്പോള്‍ നിങ്ങള്‍ യാത്ര ചെയ്യുന്ന സിഗ്‌നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം. നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഏത് വാഹനമാണോ നിങ്ങള്‍ ഉപയോഗിക്കുന്നത് അതിനനുസരിച്ച് ആപ്പിലുള്ള ഓപ്ഷനുകളില്‍ ഏതാണെന്നുവച്ചാല്‍ അത് തിരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ലാത്തതിനാല്‍ ഇക്കാര്യം ശ്രദ്ധയോടെ തിരഞ്ഞെടുക്കണം.
ഒരു സ്ഥലത്തേയ്ക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകാം. ഈ അവസരങ്ങളില്‍ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നല്‍കുന്നതും വഴി തെറ്റുന്ന സാഹചര്യം ഇല്ലാതാക്കും.