Gokulam Gopalan: ഗോകുലം ഗോപാലനെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും; എമ്പുരാൻ വിവാദങ്ങളുമായി ബന്ധമില്ലെന്ന് ഇഡി
ED Raids on Gokulam Group Firms:എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

കൊച്ചി: വ്യവസായി പ്രമുഖൻ ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്യുമെന്ന് സൂചന. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യചെയ്യൽ എന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പതിനാല് മണിക്കൂർ നീണ്ടുനിന്ന പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. തുടർന്ന് ചെന്നൈയിൽ എത്തിച്ച് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ അദ്ദേഹത്തിന്റെ മകൻ ബൈജു ഗോപാലനെയും ഇഡി ചോദ്യം ചെയ്തിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ച് ഇടങ്ങളിൽ ആയാണ് പരിശോധന നടന്നത്. ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടർനടപടികൾ. ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022-ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് അന്വേഷണമെന്നാണ് ഇഡി വൃത്തങ്ങൾ അറിയിച്ചു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് ചെന്നെയിലും കോഴിക്കോട്ടുമടക്കം അഞ്ചിടങ്ങളിൽ പരിശോധന ആരംഭിച്ചത്. ചെന്നെയിലെ ഓഫീസ്, വീട്, കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസ്, ഗോകുലം മാൾ എന്നിവടങ്ങളിലെല്ലാം റെയ്ഡ് നടത്തിയത്. പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന. ആയിരം കോടിയുടെ കള്ളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നുവെന്നാണ് പറയപ്പെടുന്നത്.