Global City: ഗ്ലോബല്‍ സിറ്റിയില്‍ നിന്നും കേന്ദ്രം പിന്മാറിയതോടെ സംസ്ഥാന സര്‍ക്കാരിന് അധിക ബാധ്യത: പദ്ധതിയുമായി മുന്നോട്ടെന്ന് വ്യവസായ മന്ത്രി
P Rajeev Says Moving Forward With Global City Project: കേന്ദ്ര സര്‍ക്കാരിന്റെ പിന്മാറ്റം പദ്ധതി ലാഭകരമായി നടത്താനാകുമോ എന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പദ്ധതിയുടെ തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍, എംഎല്‍എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള സമിതിക്ക് രൂപം നല്‍കുമെന്നും പി രാജീവ് വ്യക്തമാക്കി.

കൊച്ചി: ഗ്ലോബല്‍ സിറ്റി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായ വകുപ്പുമന്ത്രി പി രാജീവ്. ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി വിഭാവനം ചെയ്ത പദ്ധതിയാണ് അയ്യമ്പുഴ ഗ്ലോബല്‍ സിറ്റി. പദ്ധതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയത് സംസ്ഥാന സര്‍ക്കാരിന് അധിക ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്ഥലമുടമകളുടെയോഗത്തില്‍ അയ്യമ്പുഴയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ പിന്മാറ്റം പദ്ധതി ലാഭകരമായി നടത്താനാകുമോ എന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പദ്ധതിയുടെ തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍, എംഎല്‍എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള സമിതിക്ക് രൂപം നല്‍കുമെന്നും പി രാജീവ് വ്യക്തമാക്കി.
വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചി ഗിഫ്റ്റ് സിറ്റി അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അമ്പത് ശതമാനം വീതം പങ്കിടുമെന്നായിരുന്നു ധാരണ. എന്നാല്‍ പിന്നീട് ഗിഫ്റ്റ് സിറ്റി ഗുജറാത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് അറിയിച്ചു. ഇതോടെ ഗ്ലോബല്‍ സിറ്റി എന്നായി പദ്ധതിയുടെ പേര് മാറ്റിയെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.




മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഗ്ലോബല്‍ സിറ്റി എന്ന് പേര് മാറ്റിയതിന് ശേഷം പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു. എന്നാല്‍ ഗ്ലോബല്‍ സിറ്റിയെ വ്യവസായ ഇടനാഴിയുടെ ഭാഗമാക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ഇതോടെയാണ് സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
500 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി 500 കോടി രൂപ വകയിരുത്താനാണ് ധാരണയായിട്ടുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 358 ഏക്കര്‍ എന്നതിലേക്ക് കുറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനായി കിന്‍ഫ്രയ്ക്ക് കിഫ്ബി 849 കോടി രൂപ കൈമാറിയിട്ടുണ്ട്. 358 ഏക്കറില്‍ 215 ഏക്കര്‍ സ്ഥലം മാത്രമേ വ്യവസായ പദ്ധതികള്‍ക്കായി കൈമാറാന്‍ സാധിക്കൂ. അതുകൊണ്ട് സംരംഭകര്‍ക്ക് കൈമാറുന്ന ഭൂമിയ്ക്ക് വില ഉയരാന്‍ സാധ്യതയുണ്ടെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.