Malappuram Rabies: ആ കുഞ്ഞ് വിടവാങ്ങി; മലപ്പുറത്ത് പേ വിഷബാധയേറ്റ അഞ്ച് വയസുകാരി മരിച്ചു
Malappuram Stray Dog Attack: കടിയേറ്റ് രണ്ട് മണിക്കൂറിനകം വാക്‌സിന്‍ നല്‍കിയിരുന്നു. എല്ലാ ഡോസും പൂര്‍ത്തിയാക്കി. തലയ്‌ക്കേറ്റ മുറിവ് തുന്നിച്ചേര്‍ത്തിരുന്നു. ഒരാഴ്ച മുമ്പ് പനി വന്നതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. പിന്നീട് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു

മലപ്പുറം: തെരുവുനായയുടെ ആക്രമണത്തെ തുടര്‍ന്ന് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി. സൽമാനുൽ ഫാരിസിന്റെ മകൾ
സിയ ഫാരിസാണ് മരിച്ചത്. മാര്‍ച്ച് 29നാണ് നായ കുട്ടിയെ കടിച്ചത്. തലയ്ക്കും കാലിനും കുട്ടിക്ക് പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് ഐഡിആര്‍ബി വാക്‌സിന്‍ എടുത്തെങ്കിലും പേ വിഷബാധ സ്ഥിരീകരിച്ചു.
കഴുത്തിന് മുകളിലേറ്റ പരിക്ക് ആഴത്തിലുള്ളതായിരുന്നു. വാക്‌സിന്‍ ഫലപ്രദമാകാത്തത് ഇതിനാലാണെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടിയെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിയ ഫാരിസ് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് അന്ന് കടിയേറ്റിരുന്നു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കടിയേറ്റ് രണ്ട് മണിക്കൂറിനകം വാക്‌സിന്‍ നല്‍കിയിരുന്നു. എല്ലാ ഡോസും പൂര്‍ത്തിയാക്കി. തലയ്‌ക്കേറ്റ മുറിവ് തുന്നിച്ചേര്‍ത്തിരുന്നു. ഒരാഴ്ച മുമ്പ് പനി വന്നതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. പിന്നീട് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. വീടിനകത്തെ കടയില്‍ നിന്ന് മിഠായി വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ നായ കടിച്ചത്. വൈകിട്ട് 3.30-ഓടെയായിരുന്നു സംഭവം.




Read Also: Newborn Baby Handover: നവജാത ശിശുവിനെ അനധികൃതമായി കൈമാറി; അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്
കുട്ടിയെ രക്ഷിക്കാനെത്തിയ 17കാരനും കടിയേറ്റു. അവിടെ നിന്നും ഓടിയ നായ വിവിധ സ്ഥലങ്ങളിലായി അഞ്ച് പേരെ കൂടി കടിക്കുകയായിരുന്നു. പറമ്പില്‍പ്പീടികയില്‍ രണ്ട് പേര്‍ക്ക് കടിയേറ്റു. വടക്കയില്‍മാട്, വട്ടപ്പറമ്പ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും കടിയേറ്റു.
തുടര്‍ന്ന് കുട്ടി ഉടന്‍ ചികിത്സ തേടിയെങ്കിലും അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങി. 24 മണിക്കൂര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജായി. മുറിവ് ഉണങ്ങി വരുന്നതിനിടെയാണ് കുഞ്ഞിന് പനി ബാധിക്കുന്നത്. പിന്നാലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വീട്ടിലെത്തിയ ശേഷം പനി കൂടിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. രക്തസാമ്പിള്‍ പരിശോധിച്ചപ്പോഴാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്.