Kerala University Hostel Drug Raid: കളമശ്ശേരിക്ക് പിന്നാലെ കേരള യൂണിവേഴ്സിറ്റിയിലും; ഹോസ്റ്റലിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന
Thiruvananthapuram Kerala University Hostel Drug Raid: കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തതിന് പിന്നാലെയാണ് തലസ്ഥാനത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലും എക്സൈസ് പരിശോധന നടത്തിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന. റെയ്ഡിൽ കഞ്ചാവ് ശേഖരം പിടികൂടി. ഹോസ്റ്റലിലെ 455 ആം മുറിയിൽ നിന്നാണ് എക്സൈസ് 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. മുറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തതിന് പിന്നാലെയാണ് തലസ്ഥാനത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലും എക്സൈസ് പരിശോധന നടത്തിയത്. കേരള യൂണിവേഴ്സിറ്റിക്ക് കീഴിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് ഈ ഹോസ്റ്റലിൽ താമസിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ നിരവധി സംഭവങ്ങളിലായി വൻ കഞ്ചാവ വേട്ടയാണ് നടന്നുവരുന്നത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണ് യൂണിവേഴ്സ്റ്റിയുടേത്. മറ്റ് മുറികളിലെയും പരിശോധന എക്സൈസ് സംഘം പൂർത്തിയാക്കിയതായാണ് വിവരം. അതേസമയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എക്സൈസ് സംഘം അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു പരിശോധന പൂർത്തിയാക്കി എക്സൈസ് സംഘം മടങ്ങിയത്. ചിലരുടെ ഫോട്ടോയടക്കം മറ്റ് വിദ്യാർത്ഥികളെ കാണിച്ചാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. ഹോസ്റ്റലിലെ കൂടുതൽ മുറികളും അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. അതേസമയം, ഹോസ്റ്റലിൽ പരിശോധന നടത്തണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. പിടികൂടിയ ആൾക്ക് എസ്എഫ്ഐ ബന്ധമില്ലെന്നും നേതാക്കൾ പറയുന്നു.