G Sudhakaran: ‘രാജീവ് ചന്ദ്രശേഖറിന്റെ വരവ് പല പുതിയ കാര്യങ്ങളും സംഭവിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണ്’; ജി സുധാകരൻ
G Sudhakaran on Rajeev Chandrasekhar being BJP Kerala President: സമുദായ സംഘടനകളുടെ പിറകെ രാഷ്ട്രീയക്കാർ നടക്കരുതെന്നും സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ കേരളത്തിൽ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും ജി സുധാകരൻ പറഞ്ഞു.

ആലപ്പുഴ: രാജീവ് ചന്ദ്രശേഖറിന്റെ കേരളത്തിലേക്കുള്ള വരവ് പല പുതിയ കാര്യങ്ങളും സംഭവിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണെന്ന് മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. കേരളത്തിൽ ജാതിയും മതവും നോക്കി വോട്ട് ചെയ്യുന്ന രീതി അവസാനിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര- വയലാർ സമരനായകനും മുൻമന്ത്രിയുമായ ടി വി തോമസിന്റെ ചരമവാർഷികാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജെൻഡർ പാർക്കിൽ സിപിഐ സംഘടിപ്പിച്ച വ്യവസായ സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി സുധാകരൻ.
സമുദായ സംഘടനകളുടെ പിറകെ രാഷ്ട്രീയക്കാർ നടക്കരുതെന്നും സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ കേരളത്തിൽ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും ജി സുധാകരൻ പറഞ്ഞു. സമുദായവും മതവും അവരുടെ ജോലി ചെയ്യുന്നു. ആർഎസ്എസ് അംഗമല്ലാത്ത രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി കേരളത്തിലേക്ക് കൊണ്ടുവന്നതിന് പിന്നിലുള്ള കാരണം പലർക്കും മനസിലായിട്ടില്ല. പല പുതിയ കാര്യങ്ങളും സംഭവിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്.
ALSO READ: ‘കൊടുവാളിൽ മരിച്ചവരുടെ ഡിഎൻഎ, സാക്ഷി മൊഴികളും നിർണായകം’; ചെന്താമരയ്ക്കെതിരെ കുറ്റപത്രം
ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞാൽ മാത്രമേ നിലനിൽക്കാൻ സാധിക്കുകയുള്ളൂ എന്ന് ആർഎസ്എസും ബിജെപിയും വരെ മനസിലാക്കി. കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും പണ്ടേ ഇത് മനസിലാക്കി ജനങ്ങളെ ആകർഷിച്ചത് കൊണ്ടാണ് കോൺഗ്രസ് തോറ്റത്. കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞിട്ടുള്ളത് മുതിർന്നവരെ സംരക്ഷിക്കണം എന്നാണ്. പെൻഷൻ കൊടുത്താൽ മുടിഞ്ഞു പോകുമെന്ന് പറയരുതെന്നും ആര് പറഞ്ഞാലും അത് അംഗീകരിക്കാൻ കഴിയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മന്ത്രി സജി ചെറിയാന്റെ പെൻഷൻ പരാമർശത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പെൻഷൻ പറ്റുന്ന ലക്ഷണക്കണക്കിനാളുകൾ കേരളത്തിൽ ഉണ്ടെന്നും, എന്നാൽ മരണ സംഖ്യ വളരെ കുറവാണെന്നും അതിനർത്ഥം എല്ലാവരും മരിക്കണം എന്നല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമത് നിൽക്കുന്നതും ഒരു പ്രശ്നമാണെന്നും ജനിക്കുന്നത് മാത്രമല്ല മരിക്കുന്നതും വളരെ കുറവാണെന്നും, 80, 90, 100 വയസ് വരെ ജീവിക്കുന്നവർ ഉണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.