Auto-Rickshaw Fare Meter: മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്ര സ്റ്റിക്കര്‍ പതിപ്പിച്ചോളൂ; ഓട്ടോയിലെ മാറ്റങ്ങള്‍ ഇന്ന് മുതല്‍
Free Service Sticker In Auto-Rickshaw: മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പുതിയ തീരുമാനം സ്വീകരിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയായ കെ പി മാത്യൂസ് മോട്ടോര്‍ വാഹന വകുപ്പിന് സമര്‍പ്പിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഓട്ടോറിക്ഷയില്‍ സൗജന്യ യാത്ര സ്റ്റിക്കര്‍ പതിപ്പിക്കണം. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതല്‍. സംസ്ഥാനത്തെ ഭൂരിഭാഗം ഓട്ടോറിക്ഷകളും സ്റ്റിക്കര്‍ പതിപ്പിക്കാതെയാണ് സര്‍വീസ് നടത്തുന്നത്. മീറ്റര്‍ ഇട്ട് തന്നെയാണ് തങ്ങള്‍ ഓട്ടോറിക്ഷ ഓടിക്കുന്നതെന്നും അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നും ഓട്ടോറിക്ഷ തൊഴിലാളികള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പുതിയ തീരുമാനം സ്വീകരിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയായ കെ പി മാത്യൂസ് മോട്ടോര്‍ വാഹന വകുപ്പിന് സമര്‍പ്പിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഗള്‍ഫ് രാജ്യങ്ങളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാകുകയോ ചെയ്താല്‍ യാത്ര സൗജന്യമാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സ്റ്റിക്കര്‍ യാത്രക്കാരന് ദൃശ്യമാകുന്ന വിധം പതിച്ചിരിക്കണമെന്ന് നിയമമുണ്ടെന്ന് മാത്യൂസ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നു.
സൗജന്യ യാത്ര എന്ന് മലയാളത്തിനും ഇംഗ്ലീഷിലും എഴുതി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ യാത്രക്കാര്‍ക്ക് കാണാനാകുന്ന വിധത്തില്‍ ഓട്ടോയില്‍ പതിച്ചിരിക്കണം. അല്ലെങ്കില്‍ വെളുത്ത നിറത്തില്‍ വായിക്കാന്‍ സാധിക്കുന്ന വിധത്തില്‍ എഴുതി വെക്കണം.
ജനുവരി 24ന് ചേര്‍ന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗം കെപി മാത്യൂസ് നല്‍കിയ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും. ഇത്തരത്തില്‍ അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകള്‍ വീണ്ടും സര്‍വീസ് നടത്തിയാല്‍ വലിയ തുക പിഴ ഈടാക്കുകയും ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
അതേസമയം, ഓട്ടോറിക്ഷകള്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസ് ആകുന്നതിനുള്ള മാനദണ്ഡങ്ങളിലും ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കര്‍ശനമായി നടപ്പിലാക്കേണ്ടത് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാരുടെയും ഉത്തരവാദിത്തമാണ്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാകുന്നുണ്ടന്ന് ഉറപ്പ് വരുത്തണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞിരുന്നു.
സ്റ്റിക്കര്‍ പതിക്കാതെ എത്തുന്ന ഓട്ടോകളെ ടെസ്റ്റിന് പരിഗണിക്കേണ്ടതില്ലെന്നാണ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.