CPM controversy: മതവിദ്വേഷ പരാമര്‍ശവുമായി ലോക്കല്‍ സെക്രട്ടറി, വെട്ടിലായി സിപിഎം; ഒടുവില്‍ ഖേദപ്രകടനം
CPM local secretary's controversial comment: കമന്റ് തെറ്റായിപോയെന്നും, ഇത് മാനസികമായി വിഷമിപ്പിച്ച എല്ലാവരോടും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫ്രാന്‍സിസ് കുറിച്ചു. വേണ്ടത്ര ശ്രദ്ധയില്ലാത്തതുകൊണ്ടാണ് താന്‍ ഇതുവരെ ഉയര്‍ത്തിപ്പിടിച്ച പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടിന് എതിരായ രീതിയില്‍ കമന്റ് ചെയ്തതെന്നും, ഒരു മതത്തോടും വിദ്വേഷമോ പ്രത്യേക സ്‌നേഹമോ ഇല്ലെന്നുംഫ്രാന്‍സിസ്

ഫ്രാന്‍സിസ് എം.ജെ.
മൂവാറ്റുപുഴ: ഫേസ്ബുക്ക് പോസ്റ്റിന് താഴെ മതവിദ്വേഷ കമന്റിട്ട ലോക്കല്‍ സെക്രട്ടറിയുടെ പ്രവൃത്തിയില്‍ വെട്ടിലായി സിപിഎം. മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയംഗവും ആവോലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ഫ്രാന്‍സിസ് എം.ജെയുടെ പ്രവൃത്തിയാണ് പാര്‍ട്ടിയെ കുരുക്കിലാക്കിയത്. ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാള്‍ മുസ്ലീം സമൂഹത്തിനെതിരെ മതവിദ്വേഷം നിറയുന്ന തരത്തില്‍ കമന്റ് ചെയ്തത്. സമൂഹത്തില്‍ മുസ്ലീങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളതെന്നായിരുന്നു ഫ്രാന്‍സിസിന്റെ കമന്റ്. ഉടന്‍ തന്നെ ഇത് വിവാദമായി.
ഒടുവില്‍ ഖേദപ്രകടനവുമായി ഫ്രാന്‍സിസ് രംഗത്തെത്തി. തന്റെ കമന്റ് തെറ്റായിപോയെന്നും, ഇത് മാനസികമായി വിഷമിപ്പിച്ച എല്ലാവരോടും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫ്രാന്‍സിസ് ഫേസ്ബുക്കില്‍ കുറിച്ചു. വേണ്ടത്ര ശ്രദ്ധയില്ലാത്തതുകൊണ്ടാണ് താന്‍ ഇതുവരെ ഉയര്‍ത്തിപ്പിടിച്ച പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടിന് എതിരായ രീതിയില്‍ കമന്റ് ചെയ്തതെന്നും, ഒരു മതത്തോടും വിദ്വേഷമോ പ്രത്യേക സ്‌നേഹമോ ഇല്ലെന്നും, താന്‍ മതവിശ്വാസം പിന്തുടരുന്ന ആളല്ലെന്നും ഫ്രാന്‍സിസ് കുറിച്ചു.



ഫ്രാന്‍സിസിനെ തള്ളി സിപിഎം ഏരിയാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. ഫ്രാന്‍സിസിന്റെ പരാമര്‍ശം സിപിഎം നിലപാടല്ലെന്ന് ഏരിയാ സെക്രട്ടറി അഡ്വ. അനീഷ് എം മാത്യു പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ആര്‍എസ്എസും, കാസയും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്ക് പാര്‍ട്ടി അംഗങ്ങള്‍ വശംവദരാകുന്നത് അതീവ ഗൗരവത്തോടെ കാണുമെന്നും, അവരെ തിരുത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്താന്‍ സിപിഎം മുന്‍കൈയെടുക്കുമെന്നും അനീഷ് പറഞ്ഞു.
സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കമന്റില്‍ സമൂഹമാധ്യമങ്ങളിലും, പാര്‍ട്ടി അണികള്‍ക്കിടയില്‍ പോലും പ്രതിഷേധം ശക്തമാവുകയാണ്. ഈ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി ഏരിയാ കമ്മിറ്റി രംഗത്തെത്തിയത്.