Malappuram Medical Negligence: വായിലെ മുറിവിന് ആശുപത്രിയിലെത്തിയ നാല് വയസുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് കുട്ടിയുടെ കുടുംബം
Malappuram Medical Negligence News: കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തിയിരിക്കുന്നത്.
മലപ്പുറം: കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിലാണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തിയിരിക്കുന്നത്. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കളിക്കുന്നതിനിടെ വായിൽ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടർന്നാണ് മുഹമ്മദ് ഷാനിലിനെ മേഴ്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി അനസ്തേഷ്യ നൽകണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. അനസ്തേഷ്യ നൽകി അൽപ്പസമയത്തിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.
മരണകാരണം ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധം നടത്തി. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സകളാണ് കുഞ്ഞിനു നൽകിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. മെയ് 16-ാം തീയതി രാവിലെ ശസ്ത്രക്രിയയ്ക്കെത്തിയെ കുട്ടിയിലാണ് അവയവം മാറി സർജറി ചെയ്തത്.
കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശികളുടെ നാല് വയസുകാരിയായ പെൺകുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കൽ കോളേജിൽ മാതൃ ശിശു സംരക്ഷണ വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയതാണ് നാല് വയസുകാരി.
അതേസമയം നാവിൽ ശസ്ത്രക്രിയ നടത്തിയത് കൊണ്ടു കുട്ടിക്ക് മറ്റ് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറയുന്നത്. സമാനമായ പേരുള്ള രണ്ട് രോഗികൾ വന്നതുകൊണ്ടാണ് അവയവം മാറി ശസ്ത്രക്രിയ നടന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്ത് വന്ന കുട്ടിയുടെ നാവിൽ പഞ്ഞിയും സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. നീക്കം ചെയ്യേണ്ട ആറാം വിരൽ കൈയ്യിൽ അതുപോലെ തന്നെയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.