Shornur Train Accident: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലു ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് തമിഴ്നാട് സ്വദേശികൾ
Shornur Train Accident: റെയിൽവേയിൽ കരാർ ജീവനക്കാരാണ് നാലുപേരും. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സപ്രസ് ട്രെയിനാണ് തട്ടിയത്.
പാലക്കാട്∙ ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മണൻ, റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. റെയിൽവേയിൽ കരാർ ജീവനക്കാരാണ് നാലുപേരും. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സപ്രസ് ട്രെയിനാണ് തട്ടിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പുഴയിൽ വീണയാളെ കണ്ടെത്താൻ പൊലീസും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരുമുൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മറ്റുമൂന്നുപേരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.
ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെയാണ് ഇവരെ ട്രെയിൻ തട്ടിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ നാലുപേരും മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പാലത്തിൽ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിൻ വന്നപ്പോള്‍ ട്രാക്കിൽ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. ട്രെയിൻ വരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്.