Tanur Custody Death : താനൂർ കസ്റ്റഡി മരണത്തിൽ നാല് പൊലീസുകാര്‍ അറസ്റ്റിൽ
ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. പ്രതികളെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ നാല് പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ഇവരെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ അപേക്ഷ നൽകുമെന്നാണ് സൂചന. 2023 ആഗസ്റ്റ് 1-നാണ് രൂരങ്ങാടി സ്വദേശി താമിർ ജിഫ്രി (30) താനൂർ പോലീസ് സ്റ്റേഷനിൽ വെച്ച് കൊല്ലപ്പെട്ടത്.
ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെയാണ് ലഹരി കേസിൽ താനൂർ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ലോക്കപ്പിൽ വെച്ച് ലഹരി മരുന്ന് വിഴുങ്ങിയെന്നും ഇതു വഴി
താമിർ ജിഫ്രിക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നുമാണ് റിപ്പോർട്ട് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് ഭാഷ്യം.
എന്നാല്‍, ആശുപത്രിയിൽ എത്തി അഞ്ചു മണിക്കൂറിനു ശേഷമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും താമിര്‍ ജിഫ്രിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അതിനിടയിൽ കേസിൽ അറസ്റ്റിലായ നാലു പ്രതികള്‍ക്കും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത് വീര്യം കുറഞ്ഞ മെത്താംഫെറ്റാമിൻ ആണെന്നും ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞിരുന്നു. മനുഷ്യവകാശ കമ്മീഷനും വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു.