5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ നാല് മരണം

രാവിലെ ഏഴുമുതല്‍ വൈകീട്ട് 6വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ആറര മുതല്‍ തന്നെ മോക്ക് പോളിങ് ആരംഭിച്ചിരുന്നു. 193 സ്ഥാനാര്‍ഥികളാണ് കേരളത്തില്‍ നിന്ന് ജനവിധി തേടുന്നത്. 2.77 കോടി വോട്ടര്‍മാരാണ് കേരളത്തില്‍ ആകെയുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറത്തും കുറവ് ഇടുക്കിയിലുമാണ്.

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ നാല് മരണം
Lok Sabha Elections
shiji-mk
Shiji M K | Updated On: 26 Apr 2024 13:18 PM

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടെടുപ്പിനിടെ നാല് മരണം. കുഴഞ്ഞുവീണും ഹൃദയസ്തംഭനം മൂലവുമാണ് നാലുപേരും മരിച്ചത്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് മരണങ്ങള്‍ സംഭവിച്ചത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ കാക്കാഴം സുശാന്ത് ഭവനില്‍ പി സോമരാജനാണ് മരിച്ചത്. കാക്കാഴം എസ്എന്‍വിടിടിഐയിലെ 138ാം നമ്പര്‍ പോളിങ് ബൂത്തില്‍ നിന്ന് വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു ഇയാള്‍. സ്‌കൂളിന് പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറുന്നതിന് തൊട്ടുമുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ വയോധികന്‍ മരിച്ചു. വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് കുഴഞ്ഞുവീണ് മരിച്ചത്. വോട്ട് ചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് സംഭവമുണ്ടായത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

കോഴിക്കോട് ടൗണ്‍ ബൂത്ത് 16ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞ് വീണ് മരിച്ചു. കുറ്റിച്ചിറ മാളിയേക്കല്‍ അനീസ് അഹമ്മദാണ് മരിച്ചത്. ഇയാള്‍ ബൂത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം തിരൂര്‍ നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം എല്‍പി സ്‌കൂളിലെ 139ാം നമ്പര്‍ ബൂത്തില്‍ ആദ്യം വോട്ട് ചെയ്ത മദ്രസാധ്യാപകനും കുഴഞ്ഞുവീണു മരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. ആലിക്കാനകത്ത് സിദ്ദീഖ് ആണ് മരിച്ചത്.

അതേസമയം, രാവിലെ ഏഴുമുതല്‍ വൈകീട്ട് 6വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ആറര മുതല്‍ തന്നെ മോക്ക് പോളിങ് ആരംഭിച്ചിരുന്നു. 193 സ്ഥാനാര്‍ഥികളാണ് കേരളത്തില്‍ നിന്ന് ജനവിധി തേടുന്നത്. 2.77 കോടി വോട്ടര്‍മാരാണ് കേരളത്തില്‍ ആകെയുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറത്തും കുറവ് ഇടുക്കിയിലുമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 1800 പ്രശ്‌നബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 60000ത്തിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കൂടാതെ 62 കമ്പനി കേന്ദ്ര സേനയും സുരക്ഷയ്ക്കായി സംസ്ഥാനത്തെത്തിയിട്ടുണ്ട്.

ഫലം അറിയാന്‍ ഒരു മാസത്തിന് മുകളില്‍ ഇനിയും കാത്തിരിക്കണം. ജൂണ്‍ 4നാണ് വോട്ടെണ്ണല്‍. 25,231 ബൂത്തുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 5 ജില്ലകളില്‍ നിരോധാനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ 27ന് രാവിലെ ആറുമണി വരെയാണ് നിരോധനാജ്ഞ. കാസര്‍കോട് ഏപ്രില്‍ 27 വൈകീട്ട് 6 വരെ നിരോധനാജ്ഞ തുടരും. വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിങ് സ്‌റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജീകരിച്ച് തെരഞ്ഞെടുപ്പ് പ്രതാരണം നടത്താന്‍ പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്.

അതേസമയം, വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ 31.06 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 12 വരെയുള്ള കണക്കാണിത്. പൊന്നാനി, വടകര, മലപ്പുറം എന്നീ മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിങ് 30 ശതമാനം കടന്നിട്ടുണ്ട്.

ആറ്റിങ്ങലിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 35.15 ആണി പോളിങ് ശതമാനം. ആലപ്പുഴയില്‍ 35.13 ഉം പാലക്കാട് 35.10 വുമാണ് പോളിങ് ശതമാനം. പൊന്നാനി മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ് നടന്നിട്ടുള്ളത്.