Fort Kochi Accident : ഫോര്‍ട്ട്‌കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; ദാരുണാന്ത്യം പരീക്ഷാത്തലേന്ന്
Fort Kochi Accident student dies: മാന്ത്ര പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നാളെ ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ദര്‍ശന മരിക്കുന്നത്. പരീക്ഷയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ പരീക്ഷാത്തലേന്നുണ്ടായ വാഹനാപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. അമരാവതി ധർമ്മശാല റോഡിൽ മുരളി നിവാസിൽ ദർശന ജയറാം (15) ആണ് വാഹനാപകടത്തില്‍ മരിച്ചത്. മാന്ത്ര പാലത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്. നാളെ ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് വാഹനാപകടത്തില്‍ ദര്‍ശന മരിക്കുന്നത്. പരീക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പിന്റെ ഭാഗമായി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ബസിന് സൈഡ് കൊടുത്തപ്പോള്‍ ഓട്ടോറിക്ഷ മറിയുകയായിരുന്നു. ദര്‍ശന ഓട്ടോറിക്ഷയുടെ അടിയില്‍പെട്ടെന്നാണ് റിപ്പോര്‍ട്ട്. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. പിതാവ്: ജയറാം. മാതാവ്: ജെന്‍സി. സഹോദരി: രേവതി.
Read Also : പത്തനംതിട്ട വെണ്ണിക്കുളത്ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധിക കെഎസ്ആർടിസി ബസിടിച്ച് മരിച്ചു




കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു
പത്തനംതിട്ട വെണ്ണിക്കുളത്ത് കെഎസ്ആർടി ബസ് ഇടിച്ച് വയോധിക മരിച്ചു. വെണ്ണിക്കുളം പാരുമണ്ണിൽ ലിസി രാജു (75) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ വെണ്ണിക്കുളം കോഴഞ്ചേരി റോഡിലെ കത്തോലിക്കാ പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്.
ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടമുണ്ടായ ഉടന്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫെബ്രുവരി 21നാണ് സംസ്‌കാരം.