SP Sujith Das: എസ് പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു; പരിഹാസവുമായി പിവി അൻവർ
SP Sujith Das: എസ്പി സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ നൽകിയത്. ആറ് മാസം പൂർത്തിയായ സാഹചര്യത്തിലാണ് നടപടി.

മലപ്പുറം: മുൻ മലപ്പുറം എസ്പി സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ നൽകിയത്. ആറ് മാസം പൂർത്തിയായ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തെത്തി സുജിത് ദാസ് റിപ്പോർട്ട് ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിച്ചെങ്കിലും നിലവിൽ പോസ്റ്റിങ് നൽകിയിട്ടില്ല. അതേസമയം സുജിത് ദാസിനെതിരായ വകുപ്പ് തല അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു. ഐജി ശ്യാം സുന്ദർ നടത്തുന്ന അന്വേഷണത്തിൽ പിവി അൻവർ ഇത് വരെ മൊഴി നൽകിയിട്ടില്ല.
എഡിജിപി എം ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയേയും ഫോണിലൂടെ വിമർശിച്ചതിനായിരുന്നു സസ്പെൻഷൻ. എംആർ അജിത് കുമാറിനൊപ്പം സ്വർണക്കടത്ത് സംഘങ്ങളുമായി സുജിത് ദാസിന് ബന്ധമുണ്ടെന്ന് പിവി അൻവർ ആരോപിച്ചിരുന്നു. പിവി അൻവർ നടത്തിയ വാർത്താസമ്മേളനത്തിലും ഗുരുതര ആരോപണങ്ങൾ സുജിത് ദാസിനെതിരെ ഉന്നയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസ് അടിച്ച് മാറ്റിയെന്നായിരുന്നു വെളിപ്പെടുത്തൽ.
മലപ്പുറം ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയിലും ഇദ്ദേഹത്തിന് പങ്കുള്ളതായി അൻവർ ആരോപിച്ചു. സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം പുറത്ത് വിട്ടായിരുന്നു ആരോപണം. ഈ ശബ്ദരേഖയിലായിരുന്നു അജിത് കുമാറിനെയും പി ശശിയേയും സുജിത് ദാസ് രൂക്ഷമായി വിമർശിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട് അൻവർ നൽകിയ കേസ് പിൻവലിക്കണമെന്നായിരുന്നു ശബ്ദരേഖയിലെ ആവശ്യം.
പിവി അൻവറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുജിത് ദാസിനെതിരെയുള്ള സസ്പെൻഷനിൽ മുഖ്യമന്ത്രി തീരുമാനമെടുത്തത്.
അതിനിടെ സുജിത് ദാസിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് പിവി അൻവർ രംഗത്തെത്തി. സിപിഎമ്മിനെയും സർക്കാരിനെയും പരോക്ഷമായി പരിഹസിച്ചായിരുന്നു ഫെയ്സ് ബുക്കിലൂടെയുള്ള അൻവറിന്റെ പ്രതികരണം. ‘എസ് പി സുജിത്ത് ദാസ് വിശുദ്ധൻ! എം ആർ അജിത് കുമാർ പരിശുദ്ധൻ! തൃശ്ശൂർ പൂരം കലക്കിയിട്ടില്ല! തൃശ്ശൂരിൽ ബിജെപി വിജയിച്ചിട്ടും ഇല്ല! കേരളത്തിൽ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല! കേരളത്തിൽ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല.
എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ ഉത്തരമാണ്! പി വി അൻവർ സ്വർണ്ണ കടത്തുകാരനാണ്. എന്നാൽ എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല! സഖാക്കളെ മുന്നോട്ട്….ഇത് കേരളമാണ്. ജനങ്ങൾ എല്ലാം വീക്ഷിക്കുന്നുണ്ട്.” എന്നായിരുന്നു വിമർശനം.