5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക് ; വോട്ട് ചെയ്യേണ്ടത് ഈ വിധം

ഇക്കുറി കന്നിവോട്ടർമാരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഭിന്നലിം​ഗക്കാരായ വോട്ടർമാരുടെ എണ്ണവും കൂടിയിട്ടുണ്ട്.

കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക് ; വോട്ട് ചെയ്യേണ്ടത് ഈ വിധം
പ്രതീകാത്മക ചിത്രം ( getty Image)
aswathy-balachandran
Aswathy Balachandran | Published: 25 Apr 2024 09:47 AM

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ പ്രചാരണച്ചൂടു കടന്ന് ഇപ്പോൾ പോളിങ് ബൂത്തിനോട് അടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. ഇക്കുറി സമ്മതിദാന അവകാശം ആദ്യമായി രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തുന്ന കന്നി വോട്ടറുമാരുടെ എണ്ണം അഞ്ച് ലക്ഷത്തിലധികമാണ്. യുവവോട്ടർമാർ അധികം ഉള്ള ഒരു തിരഞ്ഞെടുപ്പു കൂടിയാണിത്.

ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറഞ്ഞു.

വോട്ടെടുപ്പ് പ്രക്രിയ

  • വോട്ടർ, പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുക
  • വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയൽ രേഖയും പരിശോധിക്കും
  • ഫസ്റ്റ് പോളിങ് ഓഫീസർ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ലിപ് നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യും.
  • 4-ാം പോളിങ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യും.
  • വോട്ടർ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാർട്ടുമെന്റിൽ എത്തുക.
  • അപ്പോൾ മൂന്നാം പോളിങ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കും.
  • സജ്ജമായി കഴിയുമ്പോൾ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കും.
  • വോട്ടർ താൽപര്യമുള്ള സ്ഥാനാർഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടൺ അമർത്തുക.
  • അപ്പോൾ സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കും.
  • ഉടൻ തന്നെ തിരഞ്ഞെടുത്ത സ്ഥാനാർഥിയുടെ ക്രമനമ്പർ,പേര്, ചിഹ്നം എന്നിവ അടങ്ങിയ
  • ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കൻഡ് പ്രദർശിപ്പിക്കുകയും ചെയ്യും.
  • കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തും.
  • വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫീസറെ അപ്പോൾ തന്നെ ബന്ധപ്പെടണം.
  • വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടർന്ന് വിവിപാറ്റ് യന്ത്രത്തിൽ സുരക്ഷിതമായിരിക്കും.

യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ പറയുന്നു. 2023 ഒക്ടോബർ 27ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്.

ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി ഉയർന്നിട്ടുണ്ട്. മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടർമാരാണ് ഇതുവരെ ഉള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ള സമ്മതിദായകരാണു യുവ വോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർ കൂടിയാണ് ഇവർ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം.

ഇത്രം ചെറിയ കാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധനവ് ഞെട്ടിക്കുന്നതാണ്. ശരാശരി അടിസ്ഥാനത്തിൽ നോക്കിയാൽ രാജ്യത്തു തന്നെ ഒന്നാമതാണ് ഇതെന്നു കാണാം. ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കിയതെന്നാണു വിലയിരുത്തലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു.

ഭിന്നലിം​ഗക്കാരായ വോട്ടർമാരും കൂടി

ഭിന്നലിംഗകാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. എന്നാൽ അന്തിമ വോട്ടർ പട്ടിക വന്നപ്പോൾ ഇത് 309 ആയി ഉയർന്നു. മാർച്ചു വരെയുള്ള കണക്ക് പ്രകാരം ഭിന്നലിംഗക്കാരായ 338 പേർ പട്ടികയിൽ ഉണ്ട്.

തെരഞ്ഞെടുപ്പു കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്പ്) പ്രവർത്തനങ്ങളുടെ ഭാഗമായി സോഷ്യൽ മീഡിയ മുഖേനയും കോളജുകൾ, സർവകലാശാലകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടുവണ്ടി പ്രചാരണ വാഹനം സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രചാരണം നടത്തി.