Football Gallery Collapsed: ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരിക്ക്
Football Gallery Collapsed in Kothamangalam:അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം.

കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു. ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറിയാണ് തകർന്ന് വീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം.
അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് സംഭവം. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് പത്ത് മിനിറ്റ് മുൻപായിരുന്നു അപകടം. ഹീറോ യങ്സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിനിടെയായിരുന്നു അപകടം. മത്സരത്തിന്റെ ഫൈനൽ നടക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്.
കവുങ്ങിന്റെ തടികൊണ്ടും ഇരുമ്പ് കൊണ്ടും നിർമ്മിച്ച താൽക്കാലിക ഗാലറിയാണ് തകർന്നത്. ഗാലറിയിൽ അധിക പേർ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗനം. മത്സരം തുടങ്ങുന്നതിന് മുൻപ് വിജയികൾക്കുള്ള ട്രോഫിയുമായി സംഘടകർ ഗ്രൗണ്ടിനകത്ത് വലം വയ്ക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. പ്രവേശന ടിക്കറ്റിന് 50 രൂപയായിരുന്നു.
അപകടത്തില്‍ 22 ഓളം പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 15 പേർ കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും 5 പേർ കോതമംഗലം ധർമഗിരി ആശുപത്രിയിലും ചികിത്സയിലാണ്. 2 പേരെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്.