K Muraleedharan : ‘ചതിയുടെ പത്മവ്യൂഹത്തിൽ പെട്ട് പോരാട്ടഭൂമിയിൽ പിടഞ്ഞുവീണ മുരളിയേട്ടാ, മാപ്പ്’; തൃശൂരിൽ കെ മുരളീധരനായി ഫ്ലക്സ് ബോർഡ്
Flex Board K Muraleedharan : തൃശൂരിൽ കെ മുരളീധരനായി ഫ്ലക്സ് ബോർഡ്. തൃശൂർ ഡിസിസിക്ക് മുന്നിലാണ് തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഡിസിസിയിലെ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്.
തൃശൂർ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരമായി ഡിസിസിക്ക് മുന്നിൽ ഫ്ലക്സ് ബോർഡ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ രാജിവച്ചതിനു പിന്നാലെ താത്കാലിക ചുമതല പാലക്കാട് എംപി വികെ ശ്രീകണ്ഠൻ ഏറ്റെടുക്കാനിരിക്കെയാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വീണ്ടും മറനീക്കി പുറത്തുവരികയാണ്.
‘വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ ചതിയുടെ പത്മവ്യൂഹത്തില്‍ പെട്ട് പോരാട്ടഭൂമിയില്‍ പിടഞ്ഞ് വീണ മുരളിയേട്ടാ മാപ്പ്… നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ നമ്മളുമില്ല.’- തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡിൽ പറയുന്നു.
കെ മുരളീധരൻ്റെ പരാജയവുമായി ബന്ധപ്പെട്ട് തൃശൂർ ഡിസിസിയിൽ പ്രശ്നങ്ങൾ വർധിക്കുകയാണ്. വിഷയത്തിലുണ്ടായ ചർച്ച കയ്യാങ്കളിയായതായി റിപ്പോർട്ടുകളുയർന്നിരുന്നു. തൃശൂർ ഡി സി സി ഓഫീസിലാണ് കയ്യേറ്റം നടന്നത്. കെ മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്തതായി പരാതി ഉയർന്നു. ഏഴാം തീയതിയാണ് സംഭവം നടന്നത്.
മുരളീധരന്റെ അനുയായിയും ഡി സി സി സെക്രട്ടറിയുമായ സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും മർദ്ദിച്ചെന്നാണ് പരാതി. ചേർന്നു പിടിച്ചു തള്ളിയെന്നാണ് പ്രധാന ആരോപണമുയരുന്നത്. തുടർന്ന് ഈ വിഷയത്തിൽ പ്രതിഷേധിച്ച് സജീവൻ കുര്യച്ചിറ ഡി സി സി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
തുടർന്ന് ഈ വിഷയം അറിഞ്ഞെത്തിയ മുരളിയെ അനുകൂലിക്കുന്നവരും ജോസ് വള്ളൂരിനെ പിന്തുണയ്ക്കുന്നവരും തമ്മിൽ കയ്യാങ്കളി ആയി. തന്നെ വിളിച്ചു വരുത്തി ഡി സി സി പ്രസിഡൻറും അദ്ദേഹത്തിൻറെ ഗുണ്ടകളും കൈയേറ്റം ചെയ്തെന്നു പറഞ്ഞ് സജീവൻ പൊട്ടിക്കരഞ്ഞതോടെ വിഷയം രൂക്ഷമായി. ഇതിനു പിന്നാലെയാണ് ജോസ് വള്ളൂർ രാജി സമർപ്പിച്ചത്. ചെയർമാൻ എംപി വിൻസൻ്റും രാജിവച്ചിരുന്നു.
തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും ഒഴിയുകയാണെന്ന് കെ.മുരളീധരൻ വ്യക്തമായിരുന്നു. മണ്ഡലത്തിൽ പ്രചാരണത്തിന് ആരും വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന നേതാക്കളെ പരോക്ഷമായി വിമർശിച്ച അദ്ദേഹം തൃശൂരിൽ നിന്ന് മടങ്ങുകയും ചെയ്തു. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആദ്യം തൃശൂരിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്ന ടിഎൻ പ്രതാപനും കോൺഗ്രസ്സ് നേതാക്കൾക്കുമെതിരെ ശക്തമായ എതിർപ്പ് തൃശൂരിൽ പോസ്റ്ററുകളായി പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ്സാണ് പ്രധാനമായും ഇത്തരത്തിലുള്ള എതിർപ്പ് മുന്നോട്ട് വെക്കുന്നത് എന്നാണ് സൂചന.