Thiruvananthapuram Boy Death: സംസാര ശേഷിയില്ലാത്ത കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Boy's Dead Body Found in Well in Thiruvananthapuram: നഴ്‌സറിയില്‍ നിന്നും വീട്ടിലെത്തിയ ശേഷം സഹോദരി രണ്ട് വയസുകാരിയായ ദ്രുവികയോടൊപ്പം കളിക്കുകയായിരുന്നു ദ്രുവന്‍. ഇതിനിടയിലാണ് കുട്ടി കിണറ്റില്‍ വീണത്. സംസാരശേഷിയില്ലാത്തതിനാല്‍ തന്നെ കുട്ടി കിണറ്റില്‍ വീണ കാര്യം ആരും അറിഞ്ഞിരുന്നില്ല.

തിരുവനന്തപുരം: അഞ്ചുവയസുകാരനെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നേമം കുളകുടിയൂര്‍ക്കോണത്ത് സര്‍വോദയം റോഡ് പത്മവിലാസത്തില്‍ സുമേഷ്-ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം.
നഴ്‌സറിയില്‍ നിന്നും വീട്ടിലെത്തിയ ശേഷം സഹോദരി രണ്ട് വയസുകാരിയായ ദ്രുവികയോടൊപ്പം കളിക്കുകയായിരുന്നു ദ്രുവന്‍. ഇതിനിടയിലാണ് കുട്ടി കിണറ്റില്‍ വീണത്. സംസാരശേഷിയില്ലാത്തതിനാല്‍ തന്നെ കുട്ടി കിണറ്റില്‍ വീണ കാര്യം ആരും അറിഞ്ഞിരുന്നില്ല.
പിന്നീട് കുട്ടിയെ കാണാതായതായി അറിഞ്ഞ കുടുംബം വീടിന് സമീപമെല്ലാം തിരച്ചില്‍ നടത്തി. എന്നാല്‍ ഒടുവില്‍ കിണറ്റിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് ദ്രുവനെ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ദ്രുവന്‍ പാവക്കുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞിരുന്നു. അത് തിരയാനായി കിണറ്റിലേക്ക് നോക്കിയപ്പോഴാകാം അപകടം എന്നാണ് നിഗമനം.




പാവക്കുട്ടിയെ എടുക്കാനായി കിണറിലേക്ക് കസേര വലിച്ചിട്ട് നോക്കിയതായും സംശയമുണ്ട്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് ദ്രുവന്റെ മൃതദേഹം പുറത്തെടുത്തത്.
സംഭവം നടക്കുന്ന സമയത്ത് അച്ഛനോ അമ്മയോ കുട്ടികളുടെ സമീപമുണ്ടായിരുന്നില്ല. അച്ഛന്‍ സുമേഷ് പെയിന്റിങ് ജോലിക്ക് പോയതായിരുന്നു. അമ്മ ആര്യ തുണി കഴുകുകയായിരുന്നു. അതിന് ശേഷം തിരികെ വന്ന് നോക്കിയപ്പോള്‍ വീട്ടുമുറ്റത്തിരുന്ന് കളിക്കുന്ന മകളെ മാത്രമാണ് കാണാന്‍ സാധിച്ചത്.