Road accident: സംസ്ഥാനത്ത് തിരുവോണ ദിനത്തിൽ റോഡിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ
Five Died Road Accident: തിരുവനന്തപുരം∙ മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ഓണോഘോഷ പരിപാടി കണ്ടുനിൽക്കുകയായിരുന്നു ഷൈജു. ഇതിനിടെയിലേക്കാണ് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിനത്തിൽ വാഹന അപകടത്തിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ. തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ഓണോഘോഷ പരിപാടി കണ്ടുനിൽക്കുകയായിരുന്നു ഷൈജു. ഇതിനിടെയിലേക്കാണ് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ മരിച്ചു. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും ഗുരുതര പരിക്കുണ്ട്. മൂന്ന് പേർ കയറിയ ബൈക് ആണ് ആഘോഷം കാണാനെത്തിയവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്.
തിരുവനന്തപുരം കഴക്കൂട്ടം ഇന്‍ഫോസിസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൗണ്ട്കടവ് സ്വദേശി അനുരാജ് (27) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കാസർഗോഡ് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കോട്ടിക്കുളം വെടിത്തിറക്കാലിലെ രവിയുടെ മകൻ സിദ്ധാർത്ഥ് (23) ആണ് മരിച്ചത്. തിരുവോണ ദിനത്തിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ ദേശീയപത 66-ല്‍ ബട്ടത്തൂര്‍ നെല്ലിയടുക്കത്ത് ആണ് അപകടം. കൂടെ സ്കൂട്ടറിലുണ്ടായിരുന്ന വൈഷ്ണവിനെ (22)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രണ്ട്‌സ് ആറാട്ട് കടവിന്റെ പ്രധാന കബഡി താരമാണ് സിദ്ധാര്‍ഥ്. അപകടത്തിൽ ബേക്കല്‍ പോലീസ് കേസ് എടുത്തു.
എറണാകുളത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ മധ്യവയസ്കൻ മരിച്ചു. ആലുവ സ്വകാര്യ ബസ്സ്റ്റാൻ്റിന് സമീപം പ്രിൻ്റ് സോൺ എന്ന അച്ചടി ശാല നടത്തുന്ന തായിക്കാട്ടുകര തേയ്ക്കാനത്ത് ജോയ് ജോസഫാണ് (55) മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ജോയ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജോയ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൂടരഞ്ഞി സ്വദേശി കോലോത്തും കടവ് കരിക്കുംപറമ്പില്‍ ഷെരീഫ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മുക്കം-കൂടരഞ്ഞി റോഡില്‍ പട്ടോത്ത് വെച്ച് അപകടമുണ്ടായത്. ഇലക്ട്രിക കാർ ഷെരീഫ് സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഷെരീഫ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരിക്കെയാണ് ഞായറാഴ്ച മരണപ്പെടുകയായിരുന്നു.