Amoebic Meningoencephalitis : അപൂർവ്വങ്ങളിൽ അപൂർവ്വം, ഇന്ത്യയിൽ ഇതാദ്യം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കോഴിക്കോട്ടുകാരൻ്റെ രോഗം ഭേദമായി
Amoebic Meningoencephalitis Disease : ലോകത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രോഗമുക്തി നേടിട്ടുള്ളത് ആകെ 11 പേര് മാത്രമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ത്യയിൽ ഇതാദ്യമായിട്ടാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ രോഗം ഭേദമായി ആശുപത്രി വിടുന്നത്.
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 14കാരൻ്റെ രോഗം ഭേദമായി. രാജ്യത്ത് ഇതാദ്യമായിട്ടാണ് ഈ രോഗം പിടിപ്പെട്ട് പൂർണ്ണമായും ഭേദമായി ഒരാൾ ആശുപത്രി വിടുന്നത്. 97 ശതമാനം മരണ നിരക്കുള്ള മീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ലോകത്ത് ഇതുവരെ രോഗമുക്തി നേടിട്ടുള്ളത് 11 പേര് മാത്രമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൃത്യമായ ഏകോപനത്തിലൂടെ കുട്ടിക്ക് ചികിത്സ നൽകിയ ആരോഗ്യ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.
ഈ മാസം ആദ്യമാണ് കുട്ടിക്ക് രോഗം പിടിപ്പെടുന്നത്. തുടർച്ചയായി സംസ്ഥാനത്തെ രോഗം പിടിപ്പെട്ടത് ഈ ജൂലൈ 20-ാം തീയതി സംസ്ഥാന ആരോഗ്യ വകുപ്പ് അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ചികിത്സയ്ക്കായി പ്രത്യേക മാർഗരേഖയിറക്കി. കുട്ടിയുടെ ചികിത്സയ്ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക മരുന്ന് എത്തിക്കുകയും ചെയ്തു. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് 14കാരൻ ആശുപത്രി വിടുന്നത്.
ALSO READ : Amoebic Encephalitis: തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം; ഏഴാം ക്ലാസ് വിദ്യാര്‍ഥി ചികിത്സയില്‍
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു, തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം എന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത പാളിയിലൂടെ മനുഷ്യശരീരത്തില്‍ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗത്തിന് ഇടയാക്കും
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോള്‍ മസ്തിഷ്‌കത്തിലെ കോശങ്ങളെ ഇത് വലയം ചെയ്യും. പിന്നീട് അവയെ വിഴുങ്ങുകയുമാണ് ചെയ്യുന്നത്. തുടർന്ന് നീര്‍ക്കെട്ട് വരികയും ഇത് ഗുരുതരമാകുമ്പോഴാണ് ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിക്കുക. ജപ്പാന്‍ ജ്വരം, നിപ പോലുള്ള രോഗങ്ങളില്‍ രോഗം കൂടി അത് പിന്നീട് മസ്തിഷ്‌ക ജ്വരമാകുകയാണ് ചെയ്യുന്നത്.
രോഗ ലക്ഷണങ്ങള്‍
അണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പുറത്തുവരുന്നത്. കഠിനമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്.
എങ്ങനെ പ്രതിരോധിക്കാം?
- കെട്ടികിടക്കുന്ന കുളങ്ങളിലോ കുളിക്കാന്‍ പോകുമ്പോള്‍ സുരക്ഷിതരായി ഇരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായും ഈ രോഗത്തിനുള്ള പ്രതിരോധം.
- കായലുകളിലും നദികളിലും ചൂടുനീരുറവകളിലും നീന്തുന്നത് കഴിവതും ഒഴിവാക്കുക.
- കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്യുക. ഈ ബാക്ടീരിയ മൂക്കിലൂടെ പ്രവേശിക്കുന്നതിനാല്‍ നീന്തുമ്പോള്‍ നോസ് ക്ലിപ് ധരിക്കാന്‍ ശ്രമിക്കുക.
- വെള്ളത്തില്‍ ഏറെ നേരം മുങ്ങിക്കിടക്കുന്നത് ഒഴിവാക്കുക.
- കൂടാതെ നീന്തലിനു ശേഷം വൃത്തിയായി കുളിക്കാന്‍ മറക്കരുത്.
- രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്.