Vandiperiyar Fire Break Out: ഇടുക്കി വണ്ടിപെരിയാറിൽ തീപ്പിടിത്തം; കടകൾ കത്തിനശിച്ചു
Fire Breaks out in Vandiperiyar in Idukki: വണ്ടിപെരിയാറിൽ ഉണ്ടായ തീപിടുത്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. സംഭവത്തെ തുടർന്ന് രക്ഷാസേന സ്ഥലത്തെത്തി.
ഇടുക്കി: വണ്ടിപെരിയാറിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. ഇന്ന് (ശനിയാഴ്ച) പുലർച്ചെ നാലോടെ ആണ് സംഭവം. വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കാണ് തീ പിടിച്ചത്. സംഭവത്തെ തുടർന്ന് കട്ടപ്പന, പീരുമേട്, കാഞ്ഞിരപ്പള്ളി എന്നവിടുങ്ങളിൽ നിന്നുള്ള രക്ഷാസേന സ്ഥലത്തെത്തി.
പശുമല ജംഗ്‌ഷനിലെ കെആർ ബിൽഡിംഗിലാണ് തീ പിടിച്ചതെന്നാണ് വിവരം. തുടർന്ന് കെട്ടിടത്തിന്റെ താഴത്തെ നിലയിലെ അഞ്ച് സ്ഥാപനങ്ങളിലേക്കും രണ്ടാം നിലയിലെ രണ്ട് സ്ഥാപനങ്ങളിലേക്കും തീ പടരുകയായിരുന്നു. 40 വർഷത്തിലേറെ പഴക്കമുള്ള രണ്ടു നില കെട്ടിടമാണ് കത്തി നശിച്ചത്. അഗ്നിരക്ഷാസേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
സമീപത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നാൽ, കെട്ടിടം പൂർണമായും കത്തി നശിച്ച നിലയിലാണ്. തീ പിടുത്തതിനുള്ള മൂലകാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രഥമിക നിഗമനം.
അതേസമയം, ഇന്നലെ രാത്രി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനും തീപിടിച്ചിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ല. പുക ഉയരുന്നത് ശ്രദ്ധിൽപെട്ടതോടെ യാത്രക്കാർ ബസിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന എ1 ബസിനാണ് തീപിടിച്ചത്. ഷോർട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. കോങ്ങാട് നിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചു. തിരുവാഴിയോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.
23 യാത്രക്കാരും നാല് ജീവനക്കാരുമടക്കം 27 പേരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുൻവശത്ത് ഡ്രൈവറുടെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്. ഇതോടെ ഉടന്‍ തന്നെ ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ദീർഘദൂര യാത്രയായതിനാൽ ഈ സമയം പല യാത്രക്കാരും ഉറക്കത്തിലായിരുന്നു. ആഹാരം കഴിക്കാനാണ് ബസ് നിര്‍ത്തിയതെന്നാണ് പലരും ആദ്യം കരുതിയത്.