Major Ravi : സാമ്പത്തിക തട്ടിപ്പ്; മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

Major Ravi Case : സാമ്പത്തിക തട്ടിപ്പ് പരാതിയിൽ നടനും സംവിധായകനുമായ മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്. ഇരിങ്ങാലക്കുട ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12.48 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കോടതി നിർദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്.

Major Ravi : സാമ്പത്തിക തട്ടിപ്പ്; മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

Major Ravi Case (Image Courtesy - Social Media)

Updated On: 

17 Aug 2024 08:25 AM

നടനും സംവിധായകനുമായ മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്. സാമ്പത്തിക തട്ടിപ്പ് കേസിലാണ് മേജർ രവി അടക്കം മൂന്ന് പേർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തത്. ഇരിങ്ങാലക്കുട ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12.48 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം വഞ്ചനാ കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനം ധനകാര്യ സ്ഥാപനത്തിന് സെക്യൂരിറ്റി ഉൾപ്പെടെ നൽകാമെന്ന് വാഗ്ധാനം ചെയ്ത് 2022ൽ പണം കൈപ്പറ്റി. എന്നാൽ, വാഗ്ധാനം ചെയ്ത സേവനങ്ങൾ തണ്ടർ ഫോഴ്സ് നൽകിയില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ തുക നല്‍കിയിരുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. തണ്ടര്‍ഫോഴ്‌സ് എന്ന സ്ഥാപനം ഇന്ത്യയില്‍ പല വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രൈവറ്റ് സെക്യൂരിറ്റി സേവനങ്ങള്‍ നൽകിവരുന്നുണ്ടെന്ന് ഇവർ അവകാശപ്പെട്ടു. പലിശ അടവ് മുടക്കം വരുത്തുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിച്ച് നല്‍കാമെന്നും സ്ഥാപനത്തിന്റെ സ്വത്തുവകകള്‍ക്ക് സുരക്ഷയൊരുക്കാമെന്നും പറഞ്ഞ് ഇവർ പണം വാങ്ങുകയായിരുന്നു. എന്നാല്‍ സേവനങ്ങള്‍ നൽകാനോ പണം തിരികെ നല്‍കാനോ ഇവർ തയ്യാറായില്ല എന്നും പരാതിക്കാരൻ പറയുന്നു.

Also Read : Kolkata Doctor Rape-Murder: ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക സമരം തുടങ്ങി, സംസ്ഥാനത്തും പണിമുടക്ക്

മേജര്‍ രവി, അനില്‍കുമാര്‍, അനില്‍കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസിൽ പരാതിപ്പെട്ടപ്പോൾ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും അതോടെയാണ് കോടതിയെ സമീപിച്ചതെന്നും പരാതിക്കാരൻ പറഞ്ഞു.

എകെ രവീന്ദ്രൻ നായർ എന്ന മേജർ രവി ഇന്ത്യൻ സൈന്യത്തിലെ ഓഫീസറായിരുന്നു. തൻ്റെ പതിനേഴാം വയസിൽ സൈന്യത്തിൽ ചേർന്ന രവി ആർമി കേഡറ്റ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. 1984ൽ ആർമി ഓഫീസറായി നിയമിതനായി അദ്ദേഹം 1988ൽ എൻ.എസ്.ജി. കമാൻഡോ ഓഫീസറായി സ്ഥാനക്കയറ്റം നേടി. പഞ്ചാബ്, കാശ്മീർ സംസ്ഥാനങ്ങളിൽ ഭീകരവാദത്തിനെതിരായി നടത്തിയ സൈനിക മുന്നേറ്റങൾ പരിഗണിച്ച് 1991, 1992 വർഷങ്ങളിൽ രവിയ്ക്ക് രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ ലഭിച്ചു. 1991-ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിക്കുന്നതിനായി രൂപീകരിച്ച മിഷനിൽ (ഓപ്പറേഷൻ വൺ ഐയ്ഡ് ജാക്ക് ടു ക്യാപ്ച്ചർ) ഡയറക്ടറായും പ്രവർത്തിച്ചു. 21 വർഷത്തെ സൈനിക സേവനത്തിനു ശേഷം 1996-ൽ സൈന്യത്തിൽ നിന്ന് വി.ആർ.എസ് എടുത്ത് മേജറായി വിരമിച്ചു.

പ്രിയദർശൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999ൽ റിലീസായ മേഘം എന്ന സിനിമയിലൂടെയാണ് മേജർ രവി അഭിനയ രംഗത്തെത്തുന്നത്. 2002ൽ രാജേഷ് അമനക്കരക്കൊപ്പം പുനർജനി എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തു. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് മേജർ രവി ആയിരുന്നു. ഇതായിരുന്നു അദ്ദേഹം ആദ്യം സംവിധായകനായ ചിത്രം.

2006ൽ മോഹൻലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തിലൊരുക്കിയ കീർത്തിചക്ര കരിയറിലെ നാഴികക്കല്ലായി. പിന്നീട് മമ്മൂട്ടി നായകനായി മിഷൻ 90 ഡേയ്സ്, മോഹൻലാൽ നായകനായി കുരുക്ഷേത്ര, പൃഥ്വിരാജ് നായകനായി പിക്കറ്റ് 43 തുടങ്ങിയ സിനിമകളും അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങി. 2017ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ 1971-ബിയോണ്ട് ബോർഡേഴ്സ് ആണ് സംവിധാനം ചെയ്ത അവസാന സിനിമ.

199ൽ മേഘം എന്ന ചിത്രത്തിലൂടെ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. 2024ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ തങ്കമണിയാണ് അവസാന സിനിമ.

മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍