Sundar Menon Arrest: കോടികളുടെ വൻ തട്ടിപ്പ്, പിന്നാലെ അറസ്റ്റ്…; ആരാണ് ടി എ സുന്ദർ മേനോൻ?
Sundar Menon Fraud Case: കോൺഗ്രസ് നേതാവായ സി എസ് ശ്രീനിവാസാണ് സ്ഥാപനത്തിന്റെ ഡയറക്ടർ. ഇരുവരുടേയും രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ വിശ്വാസത്തിലെടുത്താണ് ആളുകൾ ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്നാണ് പറയുന്നത്.
തൃശ്ശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച് വൻ തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമായ ടി എ സുന്ദർ മേനോൻ (Sundar Menon Arrest) അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിലാണ് ഞായറാഴ്ച രാവിലെ സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അഞ്ചു വർഷത്തിന് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് ഇയാൾക്കെതിരായ കേസ്. ഹീവാൻസ് ഫിനാൻസ് (Heewan Finance) എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ചെയർമാനായിരുന്നു സുന്ദർ മേനോൻ.
അതേസമയം കോൺഗ്രസ് നേതാവായ സി എസ് ശ്രീനിവാസാണ് സ്ഥാപനത്തിന്റെ ഡയറക്ടർ. ഇരുവരുടേയും രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ വിശ്വാസത്തിലെടുത്താണ് ആളുകൾ ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്നാണ് പറയുന്നത്. എന്നാൽ, പിന്നീട് പലിശയോ മുതലോ നിക്ഷേപകർക്ക് നൽകാൻ കമ്പനി തയാറായിട്ടില്ല. മാരകരോഗം ബാധിച്ച നിക്ഷേപകർക്ക് പോലും തുക തിരിച്ചു നൽകാൻ തയാറായില്ലെന്നാണ് പരാതിയിൽ പറയുന്നത്.
ആരാണ് ടി എ സുന്ദർ മേനോൻ?
പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമാണ് ടി എ സുന്ദർ മേനോൻ. ഹീവാൻസ് ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ചെയർമാനായിരുന്നു സുന്ദർ മേനോൻ. കൂടാതെ യുഎഇ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദി സൺ ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ സ്ഥാപകൻ കൂടിയാണ് സുന്ദർ മേനോൻ. ജീവകാരുണ്യ പ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിലാണ് സുന്ദർ മേനോന് 2016ൽ പത്മശ്രീ ലഭിച്ചത്.
തൃശ്ശൂരിലെ പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് സുന്ദർ മേനോൻ. കൂടാതെ നിരവധി കേസിൽ പ്രതിയാണ് ഇയാൾ. സുന്ദർ മേനോന് നൽകിയ പത്മശ്രീ ബഹുമതി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി പത്മനാഭൻ അടുത്തിടെ രാഷ്ട്രപതിക്ക് ഹർജി നൽകിയിരുന്നു.
എന്താണ് തട്ടിപ്പ് തേസ്?
മാനജിംഗ് ഡയറക്ടറായിരുന്ന കോൺഗ്രസ് നേതാവുമായി ചേർന്നായിരുന്നു ഹീവാൻസ് ഫിനാൻസ് എന്ന സ്ഥാപനത്തിൻ്റെ തുടക്കം. നിരവധി ആളുകളാണ് സ്ഥാപത്തിൽ പണം നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ പിന്നീട് പണം കിട്ടാതായതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകി തുടങ്ങി. ജമ്മു ആസ്ഥാനമാക്കിയാണ് കേരളത്തിൽ ഇവർ സ്ഥാപനം തുടങ്ങിയത്. എന്നാൽ ജമ്മുവിൽ സ്ഥാപനത്തിന്റെ ഓഫീസില്ലെന്ന് പിന്നീട് കണ്ടെത്തി. കേരളത്തിൽ നാല് ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.
300 ഓളം നിക്ഷേപകർ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാപനം പൂട്ടി. ബഡ്സ് ആക്ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു. സ്ഥിരനിക്ഷേപത്തിന് കാലാവധി കഴിഞ്ഞാൽ ഇരട്ടിതുക നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. പണം തിരിച്ചുനൽകാത്തതിനാൽ നിക്ഷേപകർ പ്രതിഷേധം നടത്തുകയും ചെയ്തു.