Kerala Fever Alert: സംസ്ഥാനത്ത് പനി കേസുകൾ കൂടുന്നു; ആറ് ദിവസത്തിനിടെ 652 ഡെങ്കിപ്പനി ബാധിതർ, മൂന്ന് മരണം
Kerala Fever Cases: ഇന്നലെ മാത്രം 159 ഡെങ്കികേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറ് ദിവസത്തിനിടെ 66,880 പേരാണ് വിവിധതരം പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നലെ മൂന്ന് പേർ കൂടി പനി ബാധിച്ച് മരിച്ചിരുന്നു. 42 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ (Kerala Fever Alert) എണ്ണം കൂടുന്നു. ആറ് ദിവസത്തിനിടെ 652 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 159 ഡെങ്കികേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് വിവിധ തരം പനികൾ പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ മെല്ലെപ്പോക്കാണ് കാണാൻ കഴിയുന്നത്. ആറ് ദിവസത്തിനിടെ 66,880 പേരാണ് വിവിധതരം പനി ബാധിച്ച് ചികിത്സ തേടിയത്.
അതിനിടെ ഇന്നലെ മൂന്ന് പേർ കൂടി പനി ബാധിച്ച് മരിച്ചിരുന്നു. 42 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചു. ഈ സമയത്തിനകം ആകെ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പനിബാധിതരുടെ രോഗ വിവര കണക്കുകൾ ഇന്നലെയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും, 158 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചിരുന്നു.
ALSO READ: സംസ്ഥാനം പനിച്ചുവിറയ്ക്കുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് പതിനൊന്നായിരത്തിലധികം ആളുകൾ
എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗ കണക്കുകൾ ജൂലൈ ഒന്നിന് ആരോഗ്യവകുപ്പ് നിർത്തിവെച്ചിരുന്നു. ശമ്പളം കിട്ടാത്ത എൻഎച്ച്എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് ആരോഗ്യവകുപ്പ് നിർത്തിവച്ചത്. ഇന്നലെ എൻഎച്ച്എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീരിക്കുന്നത് വീണ്ടും തുടങ്ങിയത്. കണക്ക് പുറത്തുവിടാത്തതിൽ ഓദ്യോഗിക വിശദീകരണമൊന്നും ഇതുവരെ സർക്കാർ നൽകിയിരുന്നില്ല.
സംസ്ഥാനത്ത് ഏറ്റവുമധികം പനി ബാധിതരുള്ളത് മലപ്പുറത്താണ്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും ആയിരത്തിന് മുകളിൽ പനിബാധിതരുണ്ട്. ഡെങ്കി കൂടാതെ എലിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഇതിനിടെ സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടി കഴിഞ്ഞ ആഴ്ച പയ്യോളിയിലെ കാട്ടുകുളത്തിൽ കുളിച്ചിരുന്നതായി സൂചനയുണ്ട്.